സോഷ്യല്‍ മീഡിയ വഴിയുള്ള വിദ്വേഷ പ്രചരണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഇന്‍ബോക്‌സ് ചെയ്യണം, കര്‍ശന നടപടിയെന്ന് പൊലീസ്

സോഷ്യല്‍ മീഡിയ വഴിയുള്ള വിദ്വേഷ പ്രചരണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഇന്‍ബോക്‌സ് ചെയ്യണം, കര്‍ശന നടപടിയെന്ന് പൊലീസ്

സോഷ്യല്‍ മീഡിയയിലൂടെയുള്ള വിദ്വേഷ പ്രചരണങ്ങള്‍ക്ക് നേരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കേരള പൊലീസ്. വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഉടന്‍ കേരള പൊലീസിന്റെ ഔദ്യോഗിക പേജിലേക്ക് ഇന്‍ബോക്‌സ് ചെയ്യണമെന്നും പൊലീസ് അറിയിച്ചു.

സാമൂഹിക വിദ്വേഷവും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ തയ്യാറാകുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരം സന്ദേശങ്ങള്‍ നിരീക്ഷിക്കാനും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും പോലീസ് പ്രത്യേകസംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഡിസംബര്‍ ഒന്‍പത് മുതല്‍ ഇന്ന് വരെ സംസ്ഥാനത്തുടനീളമായി 51 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം റൂറല്‍ പോലീസ് ജില്ലയിലാണ്-14 കേസുകള്‍. മലപ്പുറത്ത് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ നാല്, കൊല്ലം സിറ്റി ഒന്ന്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ രണ്ട്, കോട്ടയം ഒന്ന്, തൃശൂര്‍ സിറ്റി നാല്, തൃശൂര്‍ റൂറല്‍ ഒന്ന്, പാലക്കാട് അഞ്ച്, കോഴിക്കോട് റൂറല്‍ രണ്ട്, കണ്ണൂര്‍ റൂറല്‍ ഒന്ന്, കാസര്‍കോട് രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലയിലെ കണക്കുകള്‍.

ആലപ്പുഴയില്‍ തുടര്‍ച്ചയായുണ്ടായ അക്രമസംഭവങ്ങള്‍ കണക്കിലെടുത്ത് എസ്.ഡി.പി.ഐ, ആര്‍.എസ്.എസ് എന്നീ സംഘടനകളില്‍ നിന്ന് ക്രിമിനല്‍ ലിസ്റ്റില്‍ പെട്ടിട്ടുള്ളവരും മറ്റു ക്രിമിനലുകളുടെയും പട്ടിക തയ്യാറാക്കാന്‍ പൊലീസ് തീരുമാനമെടുത്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in