മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ ഫ്യൂസ് ഊരിക്കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍; ഇന്ധനവില വര്‍ദ്ധനവ് സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ ഫ്യൂസ് ഊരിക്കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍; ഇന്ധനവില വര്‍ദ്ധനവ് സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

ഇന്ധനവില വര്‍ദ്ധനവ് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. 110 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ 66 രൂപയാണ് നികുതി ഈടാക്കുന്നതെന്ന് അടിയന്തര പ്രമേയ നോട്ടീസ് നല്‍കി ഷാഫി പറമ്പില്‍ പറഞ്ഞു. നികുതി നിശ്ചയിക്കുന്ത് സര്‍ക്കാരാണ്, എണ്ണക്കമ്പനികളല്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ ഫ്യൂസ് ഊരിക്കൊടുക്കുന്ന പണിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

അതേസമയം ഇന്ധന വിലവര്‍ദ്ധന ഗുരുതരമായ പ്രശ്‌നമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇന്ധനനികുതി കൊവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും യു.ഡി.എഫ് 94 ശതമാനം വര്‍ദ്ധിപ്പിച്ചപ്പോള്‍ എല്‍.ഡി.എഫ് കൂട്ടിയത് പതിനൊന്ന് ശതമാനമാണെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. വിഷയത്തില്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷം നിയമസഭ റൂമില്‍ മാധ്യമങ്ങളെ കണ്ടു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞത്

വില നിയന്ത്രണ അധികാരം എടുത്തു കളഞ്ഞതുകൊണ്ടല്ല ഈ പ്രശ്‌നം. സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിക്കുകയാണ്. ഇത് നികുതി ഭീകരതയാണ്. ഒരു കാലത്തുമില്ലാത്ത വിധത്തിലുള്ള നികുതി വര്‍ദ്ധനവാണ്. 2014ല്‍ യു.പി.എ ഗവണ്‍മെന്റ് അധികാരത്തില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ പെട്രോളിന്റെ കേന്ദ്ര നികുതി 9 രൂപയായിരുന്നെങ്കില്‍ ഇന്നത് 33 രൂപയാണ്. ആ നികുതി വര്‍ദ്ധനയാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞിട്ടും ആ ഗുണം ഉപഭോക്താക്കള്‍ക്ക് കിട്ടാത്തതിന്റെ കാരണം. ഇപ്പോഴാണവര്‍ക്ക് മനസിലായത്. ആ ഡീ റഗുലേഷന്‍ കൃത്യമായി നടപ്പിലാക്കിയിരുന്നെങ്കില്‍ ഇന്ന് അറുപതോ എഴുപതോ രൂപയ്ക്ക് പെട്രോള്‍ കിട്ടുമായിരുന്നു.

ഞങ്ങളുടെ നിര്‍ദേശമെന്ന് പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ ഈ നികുതി കുറയ്ക്കണം. പെട്രോളിയം ഉത്പന്നങ്ങളുടെ വില ഇടിത്തീ പോലെയാണ് ജനങ്ങളുടെ മേല്‍ പതിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഞങ്ങള്‍ സമരം ചെയ്തതിനെ കളിയാക്കുകയാണ്. അമ്പത് രൂപ പെട്രോളിനുണ്ടായ സമയത്ത് അഞ്ച് തവണ ഹര്‍ത്താല്‍ നടത്തിയവരാണ് ഇപ്പോഴത്തെ സര്‍ക്കാര്‍.

മോദി സര്‍ക്കാരിനെ സംരക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുകയാണ്. ഫൂവല്‍ സബ്‌സിഡി കൊടുക്കണമെന്നാണ് ഞങ്ങള്‍ പറയുന്നത്. സ്‌കൂള്‍ കുട്ടികളുടെ സ്ഥിതിയെന്താ. അധിക വരുമാനത്തില്‍ നിന്ന് തുക എടുത്ത് ഫൂവല്‍ സബ്‌സിഡി കൊടുക്കാനാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. സര്‍ക്കാരിന് പല കാര്യങ്ങളും ചെയ്യാനാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in