കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയം നിയമസഭ പാസാക്കി; പാസാക്കിയത് ഐകകണ്‌ഠ്യേന

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയം നിയമസഭ പാസാക്കി; പാസാക്കിയത് ഐകകണ്‌ഠ്യേന

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയം കേരള നിയമസഭ പാസാക്കി. പ്രത്യേക സമ്മേളനം ചേര്‍ന്നാണ് പ്രമേയം ശബ്ദ വോട്ടോടെ പാസാക്കിയത്. ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ മാത്രമായിരുന്നു പ്രമേയത്തെ എതിര്‍ത്ത് സംസാരിച്ചത്. എന്നാല്‍ അദ്ദേഹം വോട്ടെടുപ്പില്‍ എതിര്‍ത്തില്ല. അതിനാല്‍ ഐകകണ്‌ഠ്യേനയാണ് പ്രമേയം പാസാക്കിയത്.

പ്രതിപക്ഷത്തിന്റെ ദേഗതി നിര്‍ദേശം നിയമസഭ തള്ളുകയും ചെയ്തു. പ്രതിപക്ഷത്തിന് നല്‍കിയ മറുപടിയില്‍ സര്‍ക്കാരിന്റെ അഭിപ്രായം പാലിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ പ്രമേയം വരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. നടപടി ശരിയല്ലെന്ന് ഗവര്‍ണറെ അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണര്‍ക്ക് എല്ലാ കാര്യങ്ങളിലും വിവേചനാധികാരമില്ല. ഗവര്‍ണറുടെ കാലു പിടിച്ചെന്ന് വ്യാഖ്യാനം ശരിയല്ലെന്നും മന്ത്രിമാര്‍ ഗവര്‍ണറെ കാണുന്നതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.സി.ജോസഫിന്റെ ഭേദഗതിയുടെ ആദ്യ ഭാഗം മുഖ്യമന്ത്രി അംഗീകരിച്ചു. മറ്റ് നിര്‍ദേശങ്ങള്‍ അംഗീകരിച്ചില്ല. പ്രമേയത്തില്‍ പ്രധാനമന്ത്രിയുടെ പേര് എടുത്ത് പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കര്‍ഷക സമരം തുടര്‍ന്നാല്‍ കേരളത്തെ അത് സാരമായി ബാധിക്കുമെന്ന് പ്രമേയത്തില്‍ പറയുന്നുണ്ട്. കാര്‍ഷിക നിയമഭേദഗതി റദ്ദാക്കണം എന്നും പ്രമേയത്തിലൂടെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നു. തിരക്കിട്ടും കൂടിയാലോചനകള്‍ ഇല്ലാതെയും കര്‍ഷകരുടെ അഭിപ്രായം തേടാതെയുമാണ് പുതിയ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്രം പാസാക്കിയത്. നിയമഭേദഗതി കോര്‍പ്പറേറ്റ് അനുകൂലവും കര്‍ഷകവിരുദ്ധവുമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Kerala Niyamasabha Passed Resolution Against New Farm Laws

Related Stories

No stories found.
logo
The Cue
www.thecue.in