പൊലീസ് കേസുകള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് മാറ്റി, സാധാരണ നടപടിയെന്ന് ഹൈക്കോടതി

പൊലീസ് കേസുകള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് മാറ്റി, സാധാരണ നടപടിയെന്ന് ഹൈക്കോടതി

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയത്തില്‍ മാറ്റം വരുത്തി നടപടി. ദേവന്‍ രാമചന്ദ്രന്റെ പരിഗണനയിലുണ്ടായിരുന്ന പൊലീസ് സംരക്ഷണം, പൊലീസ് അതിക്രമം എന്നീ കേസുകള്‍ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചിലേക്ക് മാറ്റി.

ബെഞ്ച് മാറ്റം സാധാരണ നടപടിയാണെന്നാണ് ഹൈക്കോടതി അറിയിക്കുന്നത്. സാധാരണഗതിയില്‍ അവധിക്ക് ശേഷം കോടതി ചേരുമ്പോള്‍ ഇത്തരം മാറ്റങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും കോടതി പറഞ്ഞു.

ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുമ്പോഴാണ് പൊലീസുമായി ബന്ധപ്പെട്ട ഹരജികള്‍ ഉള്‍പ്പെടെ പരിഗണിക്കുന്നതില്‍ മാറ്റം പ്രാബല്യത്തില്‍ വരിക. ജാമ്യഹരജികള്‍ പരിഗണിക്കുന്ന പരിഗണനാപട്ടികയിലും മാറ്റമുണ്ട്.

പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരായ കേസ്, മൊഫിയ കേസ, മോന്‍സണ്‍ കേസ്, തെന്മലയിലെ പൊലീസ് അതിക്രമം, ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം തുടങ്ങി പൊലീസ് വീഴ്ച ചൂണ്ടിക്കാട്ടി ഹൈക്കോടതി വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.

അതേസമയം പൊലീസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കില്ലെങ്കിലും നേരത്തെ പരിഗണിച്ചിരുന്ന ഹര്‍ജികള്‍ അദ്ദേഹത്തിന്റെ ബെഞ്ചില്‍ തന്നെ തുടരും. ഭൂമി ഏറ്റെടുക്കലും ആര്‍ബിട്രേഷനുമായി ബന്ധപ്പെട്ട കേസുകള്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ തുടര്‍ന്നും പരിഗണിക്കും.

നോക്കുകൂലി ആവശ്യപ്പെടുന്നതില്‍ നിന്ന് പൊലീസ് സംരക്ഷണം തേടിയുള്ള ഹര്‍ജികളില്‍ നോക്കുകൂലിക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടിരുന്നു.

കോടതിയുടെ തുടര്‍ച്ചയായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിപി ഉന്നതതലയോഗം വിളിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in