പിച്ച്ഡി പ്രവേശനത്തിലെ പട്ടികവര്‍ഗ സംവരണ അട്ടിമറി; കാലിക്കറ്റ് സര്‍വ്വകലാശാലയോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

പിച്ച്ഡി പ്രവേശനത്തിലെ പട്ടികവര്‍ഗ സംവരണ അട്ടിമറി; കാലിക്കറ്റ് സര്‍വ്വകലാശാലയോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

കൊച്ചി: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പിച്ച്ഡി അഡ്മിഷനില്‍ ആദിവാസി വിഭാഗത്തിന്റെ സംവരണം മുന്നോക്ക സമുദായത്തിലെ പിന്നോക്കകാരുടെ സംവരണം നടപ്പിലാക്കുന്നതിനായി വെട്ടിക്കുറച്ചതില്‍ കേരള ഹൈക്കോടതി കാലിക്കറ്റ് സര്‍വ്വകലാശാലയോട് വിശദീകരണം ചോദിച്ചു.

ഒരാഴ്ചയ്ക്കകം കേസില്‍ വിശദീകരണം നല്‍കണമെന്നാണ് സര്‍വ്വകലാശാലയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പിച്ച്ഡി പ്രവേശനത്തില്‍ 2020 വരെ 7.5 ശതമാനമായിരുന്നു പട്ടികവര്‍ഗ വിഭാഗത്തിനുള്ള സംവരണം. പ്രസ്തുത വര്‍ഷം ഇഡബ്ല്യൂഎസ് സംവരണവും 7.5 ശതമാനമായിരുന്നു. എന്നാല്‍ 26.04.2021 ന് പുറത്തിറക്കിയ പുതിയ നോട്ടിഫിക്കേഷന്‍ പ്രകാരം പട്ടികവര്‍ഗ വിഭാഗത്തിന്റെ സംവരണം 5 ശതമാനമായ് വെട്ടിക്കുറയ്ക്കുകയും ഇഡബ്ല്യൂഎസ് സംവരണം 10 ശതമാനമായ് ഉയര്‍ത്തുകയും ചെയ്തിരിന്നു.

ഇതിനെതിരെയാണ് കേരള ഹൈക്കോടതിയില്‍ ദിശ എന്ന സംഘടനയുടെ സഹായത്താല്‍ അജിത്ത് ശേഖരന്‍, പി ശിവലിംഗന്‍, നവിത എംഎന്‍ എന്നിവര്‍ നിയമസഹായം തേടിയത്.

'' കഴിഞ്ഞ വര്‍ഷം വരെ 7.5 ശതമാനമായിരുന്ന സംവരണമാണ് ഇപ്പോള്‍ സര്‍വ്വകലാശാല വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് വലിയ ആശങ്കയുണ്ടാക്കുന്ന തീരുമാനമാണ്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരൊക്കെ ഈ ഒരു കാലഘട്ടത്തിലാണ് പിച്ച്്ഡി എന്ന സ്വപ്‌നം പോലും കണ്ടു തുടങ്ങുന്നത്.

ഈ സംവരണം വെട്ടിക്കുറയ്ക്കുമ്പോള്‍ നാളെ പിച്ച്ഡി ചെയ്യാന്‍ പോകുമ്പോള്‍ അവസരം നിഷേധിക്കപ്പെടുമോ എന്നുള്ള ഭയം എനിക്കുണ്ട്. സര്‍വ്വകലാശാലകളില്‍ അധ്യാപകരാകാന്‍ ഇനിയുള്ള യോഗ്യത പിച്ച്ഡിയാണ്. മാത്രവുമല്ല സര്‍വ്വകലാശാല ഈ തീരുമാനവുമായി ബന്ധപ്പെട്ട് മുന്നോട്ട് പോയാല്‍ അത് മറ്റ് സര്‍വ്വകലാശാലകളും മാതൃകയാക്കാനുള്ള സാഹചര്യവുമുണ്ട്. കോടതയില്‍ മാത്രമാണ് ഇനിയുള്ള പ്രതീക്ഷ,'' കാലിക്കറ്റ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയും കേസില്‍ കക്ഷിയുമായ അജിത് ശേഖരന്‍ ദ ക്യൂവിനോട് പറഞ്ഞു.

''ഇഡബ്ല്യൂഎസ് റിസര്‍വേഷന്‍ നടപ്പിലാക്കുമ്പോള്‍ മറ്റാരെയും ബാധിക്കില്ലെന്ന് സര്‍ക്കാര്‍ നിരന്തരം ഉറപ്പുതരുന്ന സമയത്താണ് കാലിക്കറ്റ് സര്‍വ്വകലാശായില്‍ ഇങ്ങനെ നടക്കുന്നത്. മന്ത്രി രാധാകൃഷ്ണന്‍ ഈ വിഷയത്തില്‍ ഇടപെടുമെന്ന് നൂറ് ശതമാനം ഉറപ്പ് തരികയും ചെയ്തിരുന്നു. പക്ഷേ അത് പാലിക്കപ്പെട്ടില്ല,'' ദളിത് അവകാശ പ്രവര്‍ത്തകന്‍ ദിനു വെയില്‍ ദ ക്യൂവിനോട് പറഞ്ഞു.

നിലവിലുള്ള റിസര്‍വേഷനെ ബാധിക്കാതെ തന്നെ ഇഡബ്ല്യുഎസ് റിസര്‍വേഷന്‍ നടപ്പിലാക്കാമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. അവിടെയാണ് ഇവര്‍ 7.5 ആയിരുന്ന എക്കണോമിക് റിസര്‍വേഷന്‍ 10 ശതമാനം ആക്കുന്നത്. പട്ടികവര്‍ഗ വിഭാഗത്തിലെ രണ്ടര ശതമാനം കുടി എടുത്താണ് എഴര ശതമാനം പത്ത് ശതമാനം ആക്കുന്നത്.

നിലവില്‍ കോടതി എങ്ങിനെയാണ് പട്ടിക വര്‍ഗ വിഭാഗത്തിലെ സംവരണം ഇഡബ്ല്യൂഎസിലേക്ക് മാറ്റിയത് എന്നാണ് ചോദിച്ചിരിക്കുന്നത് എന്ന് കക്ഷികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ.പി.കെ ശാന്തമ്മ ദ ക്യൂവിനോട് പറഞ്ഞു. അഡ്വ.ധനൂജ എം.എസും കക്ഷികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in