സ്പ്രിങ്ക്‌ളര്‍: കര്‍ശന ഉപാധികളോടെ അനുമതി നല്‍കി ഹൈക്കോടതി, ഡാറ്റകളുടെ രഹസ്യാത്മകത ഉറപ്പാക്കണം

സ്പ്രിങ്ക്‌ളര്‍: കര്‍ശന ഉപാധികളോടെ അനുമതി നല്‍കി ഹൈക്കോടതി, ഡാറ്റകളുടെ രഹസ്യാത്മകത ഉറപ്പാക്കണം

Published on

സ്പ്രിങ്ക്‌ളര്‍ കരാറിന് കര്‍ശന ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി. കരാര്‍ തുടരാന്‍ സര്‍ക്കാരിന് അനുമതി നല്‍കുന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചു. സ്പ്രിങ്ക്‌ളര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

ഡാറ്റയുടെ രഹസ്യാത്മകത ഉറപ്പാക്കിയതിന് ശേഷമേ സ്പ്രിങ്ക്‌ളറിന് കൈമാറാന്‍ പാടുള്ളൂ എന്ന് കോടതി നിര്‍ദേശിച്ചു. കമ്പനിയുടെ സോഫ്റ്റ് വെയറില്‍ ഡാറ്റ അപ്ലോഡ് ചെയ്യുന്നതിന് വ്യക്തികളുടെ അനുമതി വാങ്ങിയിരിക്കണം. കമ്പനിക്ക് വ്യക്തികളെ തിരിച്ചറിയാന്‍ കഴിയരുത്. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരസ്യം നല്‍കാന്‍ പാടില്ല. കേരള സര്‍ക്കാരിന്റെ മുദ്രയും പേരും ഉപയോഗിക്കാന്‍ പാടില്ല. കരാര്‍ കാലാവധിക്ക് ശേഷം മുഴുവന്‍ ഡാറ്റയും തിരികെ നല്‍കണം. സെക്കന്ററി ഡാറ്റക്ള്‍ കൈവശമുണ്ടെങ്കില്‍ നശിപ്പിച്ച് കളയണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തെ ബാധിക്കുന്ന തരത്തില്‍ ഇപ്പോള്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ കരാറില്‍ കോടതിക്ക് തൃപ്തിയില്ല. മറ്റൊരു സാഹചര്യമായിരുന്നെങ്കില്‍ ഇടപെടുമായിരുന്നു. നിലവില്‍ സന്തുലിതമായ ഒരു ഇടപെടല്‍ മാത്രമേ സാധ്യമാകൂ എന്നും കോടതി പറഞ്ഞു.

logo
The Cue
www.thecue.in