മസ്ജിദുകളില്‍ വര്‍ഗീയ പ്രചരണം നടത്തുന്നു എന്ന അഭിപ്രായമില്ല, പൊലീസ് നോട്ടീസ് അനവസരത്തിലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മസ്ജിദുകളില്‍ വര്‍ഗീയ പ്രചരണം നടത്തുന്നു എന്ന അഭിപ്രായമില്ല, പൊലീസ് നോട്ടീസ് അനവസരത്തിലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

പ്രവാചക നിന്ദയ്‌ക്കെതിരായി ഉണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരിലെ മയ്യിലില്‍ പള്ളികളില്‍ പൊലീസ് നല്‍കിയ നോട്ടീസിലെ ഉള്ളടക്കം ഇടതുപക്ഷ കാഴ്ചപാടിന് വിരുദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍. നോട്ടീസ് അനവസരത്തിലുള്ളതാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു.

മയ്യില്‍ പൊലീസ് സ്റ്റേഷന്‍ എച്ച്.എസ്.ഒ ബിജു പ്രകാശ് ആണ് പള്ളികളില്‍ നോട്ടീസ് നല്‍കിയത്. സര്‍ക്കാന്‍ നയം മനസിലാക്കാതെ തെറ്റായ നോട്ടീസാണ് ബിജു പ്രകാശ് നല്‍കിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലകളില്‍ നിന്ന് ഡിജിപി മാറ്റിയിട്ടുണ്ട്. രാജ്യത്ത് വലിയ തോതില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തില്‍ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക എന്നത് സുപ്രധാനമാണ്.

ജുമാ മസ്ജിദുകളില്‍ വര്‍ഗീയ പ്രചരണം നടത്തുന്നു എന്ന അഭിപ്രായം സര്‍ക്കാരിനില്ല. അതുകൊണ്ടാണ് വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാര്‍ദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസിലാക്കി എല്ലാവരും ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട കുറിപ്പില്‍ വിശദീകരിക്കുന്നു.

പ്രവാചക നിന്ദ നടന്നതായി പറയുന്ന സംഭവത്തോട് അനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ താങ്കളുടെ കമ്മിറ്റിയുടെ കീഴിലുള്ള പള്ളികളില്‍ വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിന് ശേഷം നടത്തിവരുന്നതായ മത പ്രഭാഷണം നിലവിലുള്ള സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ലാത്തതാണ്. അങ്ങനെ സംഭവിച്ചതായി വിവരം കിട്ടുന്ന പക്ഷം ബന്ധപ്പെട്ട വ്യക്തികളുടെ പേരില്‍ ഉചിതമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഇതിനാല്‍ അറിയിക്കുന്നു എന്നായിരുന്നു പൊലീസിന്റെ നോട്ടീസില്‍ പറയുന്നത്.

അതേസമയം സര്‍ക്കുലര്‍ സംബന്ധിച്ച് എസ്.എച്ച്.ഒയോട് വിശദീകരണം ചോദിച്ചതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ വ്യക്തമാക്കി. ഇതിന് പിന്നാലെ തനിക്ക് തെറ്റ് പറ്റിയെന്ന വിശദീകരണവുമായി നോട്ടീസ് നല്‍കിയ എസ്.എച്ച്.ഒ തന്നെ രംഗത്തെത്തി.

നബി വിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം നടക്കുന്ന സമയത്ത് ജില്ലയില്‍ ഇമാം കൗണ്‍സിലിന്റെ പ്രതിഷേധം ഉണ്ടായിരുന്നു. മറ്റ് പ്രശ്‌നങ്ങളുണ്ടാകാതെ നോക്കണം എന്ന് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഹല്ല് കമ്മറ്റിക്ക് വാക്കാല്‍ നിര്‍ദേശം നല്‍കാന്‍ ആയിരുന്നു നിര്‍ദേശം. എന്നാല്‍ നോട്ടീസ് നല്‍കിയത് ശരിയായില്ലെന്ന് എസ്.എച്ച്.ഒ വിശദീകരിച്ചു.

ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മയാണ് പ്രവാചകനെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. ഇതിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ പ്രതിഷേധങ്ങളും നടന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in