kerala covid 19 update cm pinarayi vijayan live
kerala covid 19 update cm pinarayi vijayan live

കുതിച്ചുയര്‍ന്ന് കോവിഡ്; സ്‌കൂളുകളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ കൂടുതല്‍ നിയന്ത്രണങ്ങളുണ്ടായേക്കും

കോവിഡ് കുതിച്ചുയര്‍ന്നതോടെ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിന് ശേഷമായിരിക്കും നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുക. സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം വേണമെന്ന ആവശ്യം ശക്തമാണ്.

ആള്‍ക്കൂട്ടം ഒഴിവാക്കുക, വാരാന്ത്യ നിയന്ത്രണം, ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്നിവ വേണമെന്നാണ് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദേശം. അടച്ചുപൂട്ടലിലേക്ക് നീങ്ങേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

കഴിഞ്ഞ തിങ്കളാഴ്ച ചേര്‍ന്ന അവലോകനയോഗത്തില്‍ സ്‌കൂളുകള്‍ അടയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോള്‍ അത്തരം നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് യോഗം തീരുമാനിക്കുകയായിരുന്നു.

ഡെല്‍റ്റ വകഭേദമാണ് ഇപ്പോള്‍ സംസ്ഥാനത്ത് വ്യാപിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇന്നലെ 12,742 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ കേസുകള്‍. 3498 പേര്‍ക്കാണ് ഇന്നലെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസര്‍ഗോഡ് 262, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ജനുവരി 11ന് 9066 പേര്‍ക്കായിരുന്നു കോവിഡ് ബാധിച്ചിരുന്നത്. 10ാം തിയ്യതി 5797 പേര്‍ക്കായിരുന്നു രോഗമുണ്ടായിരുന്നത്. മൂന്ന് ദിവസം കൊണ്ട് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നത് ആശങ്കയുണ്ടാക്കുകയാണ്.

പുതുവര്‍ഷ ആഘോഷങ്ങളാണ് കോവിഡ് കുതിച്ചുയരാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഡിസംബര്‍ 31ന് 2676 ഉം ജനുവരി ഒന്നിന് 2435 മാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ജനുവരി മൂന്ന് വരെ 3000ത്തില്‍ താഴെ കേസുകളായിരുന്നു പ്രതിദിനമുണ്ടായിരുന്നത്.

ഒമിക്രോണ്‍ കേസുകളും കൂടി വരികയാണ്. സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ 421 ആയി. പനിയും രോഗലക്ഷണങ്ങളും ഉള്ളവര്‍ മറച്ചുവെച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഒമിക്രോണ് ചെറിയ ഇന്‍കുബേഷന്‍ കാലയളവാണ് ഉള്ളതെങ്കിലും അതിവേഗം പടരും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം, പനി എന്നിവയാണ് ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതോടൊപ്പം ലക്ഷണങ്ങളില്ലാതെയും ഒമിക്രോണ്‍ വന്‍തോതില്‍ പടരാമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in