സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്; ആരാധനാലയങ്ങള്‍, സിനിമ ഷൂട്ടിങ്ങ്, കടകള്‍ എന്നിവയ്ക്കും ഇളവുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്; ആരാധനാലയങ്ങള്‍, സിനിമ ഷൂട്ടിങ്ങ്, കടകള്‍ എന്നിവയ്ക്കും ഇളവുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ആരാധനാലയങ്ങള്‍ തുറക്കുന്നത്, സിനിമ ഷൂട്ടിങ്ങ്, ഇല്‌ക്ടോണിക് ഷോപ്പുകള്‍ തുടങ്ങിയവയ്ക്കാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. നിലവില്‍ എ വിഭാഗത്തില്‍ (ടി പി ആര്‍ 0 മുതല്‍ 5 വരെ) 86 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, കാറ്റഗറി ബിയില്‍ (5 മുതല്‍ 10 വരെ ) 392 തദ്ദേശ സ്ഥാപനങ്ങളും സി വിഭാഗത്തില്‍ (10 മുതല്‍ 15 വരെ) 362 സ്ഥാപനങ്ങളുമാണുള്ളത്. 15 ന് മുകളില്‍ ടി പി ആര്‍ ഉള്ള 194 തദ്ദേശ സ്ഥാപനങ്ങളുണ്ട്.

ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്കു വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകളും വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളും കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 7 മുതല്‍ രാത്രി 8 വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് വരെ പ്രവേശനം അനുവദിക്കും. ആ എണ്ണം പാലിക്കാന്‍ ആരാധനാലയങ്ങളുടെ ചുമതലപ്പെട്ടവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവര്‍ക്കാകണം പ്രവേശനം.

എ, ബി വിഭാഗങ്ങളില്‍ പെടുന്ന പ്രദേശങ്ങളില്‍ മറ്റു കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടിപാര്‍ലറുകളും ബാര്‍ബര്‍ഷോപ്പോകളും ഒരു ഡോസ് വാക്‌സിനേഷനെങ്കിലും എടുത്ത സ്റ്റാഫുകളെ ഉള്‍പ്പെടുത്തി ഹെയര്‍ സ്‌റ്റൈലിംഗിനായി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും.

സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചതു പോലെ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ക്കു വിധേയമായി സിനിമ ഷൂട്ടിങ്ങും അനുവദിക്കും. ഒരുഡോസെങ്കിലും വാക്‌സിന്‍ എടുത്തവര്‍ക്കുമാത്രമാകണം ഇത്തരം എല്ലായിടത്തും പ്രവേശനം.

എഞ്ചിനിയറിങ്ങ്-പോളി ടെക്‌നിക്ക് കോളേജുകളില്‍ സെമസ്റ്റര്‍ പരീക്ഷ ആരംഭിച്ചതിനാല്‍ ഹോസ്റ്റലുകളില്‍ താമസിക്കാന്‍ സൗകര്യം നല്‍കാനും നിര്‍ദേശമുണ്ട്.

ലോക്ക്ഡൗണ്‍ വലിയ സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതം ഉണ്ടാക്കുന്നുണ്ട്. രോഗവ്യാപനത്തിന്റെ തോത് പരിഗണിച്ച് ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കുന്നുണ്ട്. എന്നാല്‍ സംസ്ഥാനം നേരിടുന്ന അവസ്ഥയില്‍ എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in