എല്‍ ഡി എഫില്‍ അവഗണനയെന്ന് എല്‍.ജെ.ഡി; അമര്‍ഷം; രാഷ്ട്രീയ നേട്ടമാക്കാന്‍ യു.ഡി.എഫ്

എല്‍ ഡി എഫില്‍ അവഗണനയെന്ന് എല്‍.ജെ.ഡി; അമര്‍ഷം; രാഷ്ട്രീയ നേട്ടമാക്കാന്‍ യു.ഡി.എഫ്

ഇടത് പക്ഷ മുന്നണിയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാകുമ്പോള്‍ എല്‍.ജെ ഡിയെ മൂന്ന് സീറ്റിലൊതുക്കിയെന്ന് പരാതി. യു.ഡി.എഫ് മുന്നണിയുടെ ഭാഗമായിരുന്നപ്പോള്‍ ഏഴ് സീറ്റും, ഒരു പാര്‍ലമെന്റ് സീറ്റും, രാജ്യസഭ സീറ്റും ലഭിച്ചിരുന്ന എല്‍.ജെ.ഡിക്ക് എല്‍.ഡി.എഫിലേക്ക് ചുവട് മാറിയപ്പോള്‍ ലഭിച്ചിരിക്കുന്നത് കേവലം മൂന്ന് സീറ്റ് മാത്രമാണെന്ന് നേതൃത്വം പരാതി പറയുന്നു.

കല്‍പ്പറ്റ, കൂത്തുപറമ്പ്, വടകര എന്നീ സീറ്റുകളാണ് എല്‍.ജെ.ഡിക്ക് നല്‍കിയത്. ഇടതുമുന്നണിയിലുണ്ടായിരുന്നപ്പോള്‍ മത്സരിച്ച സീറ്റുകളാണ് ഇവ.കൂടുതല്‍ സീറ്റിനായി അവകാശവാദമുന്നയിച്ചപ്പോള്‍ മൂന്ന് സീറ്റ് കൊണ്ട് തൃപ്തിപ്പെടണമെന്നും ഇനിയൊരു ചര്‍ച്ചയില്ലെന്നുമാണ് സി.പി.എം അറിയിച്ചത്.മൂന്ന് സിറ്റിംഗ് സീറ്റുകളാണ് വിട്ടു നല്‍കിയതെന്ന് സി.പി.എം വാദിക്കുന്നു.

എല്‍.ജെ.ഡിയിലെ അതൃപ്തി രാഷ്ട്രീയ നേട്ടമാക്കാനാണ് യു.ഡി.എഫ് ശ്രമം. കല്‍പ്പറ്റയും കൂത്തുപറമ്പും പിടിച്ചെടുക്കാനാകുമെന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. ആര്‍.എം.പിയുടെ പിന്തുണയോടെ വടകരയിലും നേട്ടമുണ്ടാക്കാനാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍.

ഒരിക്കല്‍ ആട്ടിയോടിച്ചപ്പോള്‍ സംരക്ഷിച്ച യു.ഡി.എഫിനോട് കാണിച്ച നീതികേടിന് കാലം കാത്തു വെച്ച കാവ്യനീതിയാണിതെന്നും എല്‍.ഡി.എഫില്‍ അവഗണന സഹിച്ച് ഇനിയും തുടരണോയെന്ന പുനരാലോചന എല്‍.ജെ.ഡി യെടുക്കണമെന്നും കെ.പി സി.സി ജനറല്‍ സെക്രട്ടറി പി.എം നിയാസ് പറഞ്ഞു.

പ്രതിഷേധം കനത്താല്‍ പൊട്ടിത്തെറിയിലേക്ക് മാറുമോയെന്ന് എല്‍.ജെ.ഡി നേതൃത്വം പ്രതിഷേധിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in