'ആരോ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍'; തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് അനില്‍ കെ ആന്റണി

'ആരോ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍'; തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് അനില്‍ കെ ആന്റണി

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുടെ മകന്‍ അനില്‍.കെ.ആന്റണി. നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകളാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അനില്‍.കെ.ആന്റണി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ശശി തരൂരും ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നു. ഇപ്പോള്‍ എ.ഐ.സി.സിയുടെ കൂടുതല്‍ ഉത്തവാദിത്വങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ട്.യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. സ്ത്രീകളും യുവാക്കളും പുതുമുഖങ്ങളും സ്ഥാനാര്‍ത്ഥികളായി വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അനില്‍ പറയുന്നു.

അനില്‍.കെ.ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ടവരെ ,

ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ നിരവധി ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ പ്രചരിപ്പിക്കുണ്ടെന്ന വിവരം വിവിധ സ്ഥലങ്ങളില്‍ നിന്ന് എന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഏതോ നിക്ഷിപ്ത താല്പര്യങ്ങളുടെ പേരില്‍ ആരോ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകളാണ് അവയെന്നും എനിക്ക് അത്തരത്തിലുള്ള ഉദ്ദേശ്യങ്ങളില്ലെന്നും വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റ് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനും ഡോ. ശശി തരൂരും കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം എന്ന ഉത്തരവാദിത്വം എന്നെ ഏല്‍പ്പിച്ചിരുന്നു. കൂടാതെ , ഈ വര്‍ഷം ആദ്യം നൂതന സാങ്കേതിക സംയോജനവുമായി ബന്ധപ്പെട്ട കൂടുതല്‍ ഉത്തരവാദിത്വങ്ങളും എ ഐ സി സി എന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. എന്റെ കഴിവിന്റെ പരമാവധി ഭംഗിയായി അവ നിര്‍വ്വഹിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയിലും പാര്‍ട്ടിയുടെ ഡിജിറ്റല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെ ചുമതലക്കാരന്‍ എന്ന നിലയിലും നമ്മുടെ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനും യുഡിഎഫിന്റെ വിജയത്തിനും എന്റേതായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

അതോടൊപ്പം, പുരോഗമനപരവും പുതുമയുള്ളതുമായ ഒരു ആഖ്യാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, കൂടുതല്‍ സ്ത്രീകളുള്‍പ്പെടെയുള്ള നിരവധി പുതുമുഖങ്ങളും യുവമുഖങ്ങളും ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നും ഞാന്‍ ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു.

ജയ്ഹിന്ദ്!

Related Stories

No stories found.
logo
The Cue
www.thecue.in