മഴലഭിക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ ‘പോംവഴി’ വിവാദത്തില്‍ ; ‘ആ പണം കൊണ്ട് ദുരിതമകറ്റണം’ 

മഴലഭിക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ ‘പോംവഴി’ വിവാദത്തില്‍ ; ‘ആ പണം കൊണ്ട് ദുരിതമകറ്റണം’ 

വരള്‍ച്ച കടുത്ത സാഹചര്യത്തില്‍ നല്ലമഴ ലഭിക്കാന്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും സംഘടിപ്പിക്കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവ് വിവാദത്തില്‍. ജൂണ്‍ 6 നാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കോണ്‍ഗ്രസ് ജെഡിഎസ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി യുക്തിവാദികള്‍ രംഗത്തെത്തി. രാജ്യത്താദ്യമായി അന്ധവിശ്വാസ നിരോധന ബില്‍ കൊണ്ടുവന്ന സംസ്ഥാനമാണ് കര്‍ണാടക.എന്നാല്‍ സര്‍ക്കാര്‍ തന്നെ അന്ധവിശ്വാസം പരിപോഷിപ്പിക്കുകയാണെന്ന് ആക്ടിവിസ്റ്റുകള്‍ പറയുന്നു.

സംസ്ഥാനത്തെ 176 താലൂക്കുകളില്‍ 156 ഉം വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചിരുന്നു. മൂവായിരത്തിലേറെ ഗ്രാമങ്ങളില്‍ ഇപ്പോള്‍ ടാങ്കറില്‍ വെള്ളമെത്തിച്ച് വിതരണം ചെയ്യുകയാണ്. പതിനായിരം രൂപവരെയെങ്കിലും ചെലവഴിച്ച് ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ ഈ തുക വരള്‍ച്ചാദുരിതം അനുഭവിക്കുന്നവര്‍ക്ക് ലഭ്യമാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ജലവിഭവ മന്ത്രി ഡികെ ശിവകുമാര്‍ നേരിട്ട് ചിക്കമംഗളൂരുവിലെ റിഷ്യാശ്രുണ ബ്രിംഗേശ്വര ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. ദേവസ്വം വകുപ്പുമായി ചേര്‍ന്നായിരുന്നു ചടങ്ങ്. വരുണ പൂജയും വരുണ ഹോമവുമാണ് ഇവിടെ നടന്നത്.

 മഴലഭിക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ ‘പോംവഴി’ വിവാദത്തില്‍ ; ‘ആ പണം കൊണ്ട് ദുരിതമകറ്റണം’ 
‘ആ മരങ്ങള്‍ എനിക്ക് മക്കള്‍’, മുറിക്കാനനുവദിക്കില്ലെന്ന് 107 കാരി ; അലൈന്‍മെന്റ് മാറ്റാന്‍ കര്‍ണാടക സര്‍ക്കാര്‍ 

റിഷ്യാശ്രുണ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയാല്‍ നല്ല മഴകിട്ടുമെന്ന വിശ്വാസം നിലവിലുണ്ട്. അതിനാലാണ് ഇവിടെ പ്രത്യേക പൂജ സംഘടിപ്പിച്ചത്. 

ഡികെ ശിവകുമാര്‍ 

കര്‍ണാടക ദേവസ്വത്തിന് കീഴില്‍ 37,000 ക്ഷേത്രങ്ങളുണ്ട്. എ,ബി,സി എന്നിങ്ങനെ ഇവയെ വിവിധ ക്ലാസുകളായി തിരിച്ചിട്ടുണ്ട്. വരുമാനം കൂടുതലുള്ള അമ്പലങ്ങളാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇത്രയും ക്ഷേത്രങ്ങള്‍ പതിനായിരം രൂപ ചെലവഴിച്ചാല്‍ 45 ലക്ഷം രൂപ വരും.

ഈ തുക പൂജ നടത്തി പാഴാക്കാതെ വരള്‍ച്ചാ ദുരിതാശ്വാസത്തിന് ഉപയോഗിക്കുകയാണ് വേണ്ടതെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നു. സര്‍ക്കാര്‍ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നായിരുന്നു അന്ധവിശ്വാസ നിരോധന ബില്‍ തയ്യാറാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച യുക്തിവാദിയും കവിയുമായ ചന്ദ്രശേഖര്‍ പാട്ടീലിന്റെ പ്രതികരണം. ശാസ്ത്രീയ ബോധത്തിനെതിരെയുള്ള നീക്കമാണിത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നടപടിക്കെതിരെ യുക്തിവാദികളുടെ നേതൃത്വത്തില്‍ ബംഗളൂരുവില്‍ പ്രതിഷേധവും അരങ്ങേറി.

Related Stories

No stories found.
logo
The Cue
www.thecue.in