പ്രോചാന്‍സലറെന്ന നിലയില്‍ ഗവര്‍ണര്‍ക്ക് കത്തയക്കാനുള്ള അധികാരമുണ്ട്, അനാവശ്യ വിവാദമുണ്ടാക്കാന്‍ ശ്രമമെന്ന് ആര്‍ ബിന്ദു

പ്രോചാന്‍സലറെന്ന നിലയില്‍ ഗവര്‍ണര്‍ക്ക് കത്തയക്കാനുള്ള അധികാരമുണ്ട്, അനാവശ്യ വിവാദമുണ്ടാക്കാന്‍ ശ്രമമെന്ന് ആര്‍ ബിന്ദു

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍ നിര്‍ണയത്തില്‍ അപാകതകളൊന്നുമില്ലെന്ന് കോടതി തന്നെ പറഞ്ഞിട്ടും വിവാദ തുടരുന്നത് അപലപനീയമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ ഗവര്‍ണറും പ്രോ ചാന്‍സലര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണെന്നിരിക്കെ ഈ പദവികളിലിരിക്കുന്നവര്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നത് സ്വാഭാവികമാണ്.

പ്രോചാന്‍സലര്‍ എന്തെങ്കിലും നിര്‍ദ്ദേശം സമര്‍പ്പിച്ചാല്‍ അത് സ്വീകരിക്കാനോ നിരാകരിക്കാനോ അധികാരമുള്ളതാണ് ചാന്‍സലര്‍ പദവി. നീണ്ടകാലത്തെ ഭരണാനുഭവമുള്ള ബഹുമാനപ്പെട്ട ഗവര്‍ണര്‍, ചാന്‍സലര്‍ എന്ന അധികാരം ഉപയോഗിച്ച് നടത്തിയ പുനര്‍നിയമനം പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെയാണെന്നത് ആര്‍ക്കും അറിയാവുന്നതാണെന്നും ആര്‍ ബിന്ദു പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം സംബന്ധിച്ച് സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കിയിട്ടും ഇക്കാര്യത്തില്‍ തുടരുന്ന വിവാദം അനാവശ്യമാണ്.

പ്രോചാന്‍സലറും ചാന്‍സലറും തമ്മിലുള്ള ആശയവിനിമയങ്ങള്‍ മാധ്യമങ്ങളിലൂടെ സംവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്, പ്രോചാന്‍സലറെന്ന നിലക്കുള്ള നിലപാട് വ്യക്തമാക്കിയതാണ്. കൂടാതെ, ഇതു സംബന്ധിച്ച കേസ് ബഹു. ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.

എന്നിട്ടും പ്രോചാന്‍സലര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസമന്ത്രി വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഇടപെടല്‍ നടത്തിയെന്ന നിലയില്‍ ചിലര്‍ പ്രചാരണം തുടരുന്നത് സര്‍വ്വകലാശാല നിയമങ്ങളെ സംബന്ധിച്ചോ പ്രോചാന്‍സലര്‍ എന്ന നിലയിലുള്ള അധികാരം സംബന്ധിച്ചോ മനസ്സിലാകാതെയാണ്.

സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ ഗവര്‍ണറും, പ്രോചാന്‍സലര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയുമാണ്. നിയമപരമായി സ്ഥാപിതമായ പദവികളാണിവ. ഈ രണ്ടു പദവികളിലിരിക്കുന്നവര്‍ തമ്മില്‍ ആശയവിനിമയം നടത്തല്‍ സ്വാഭാവികമാണ്.

ഇതുകൊണ്ടുതന്നെ പ്രോചാന്‍സലര്‍ എന്ന നിലയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയ്ക്ക് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചാന്‍സലറെ കത്തു മുഖേന അറിയിക്കാം. സര്‍വ്വകലാശാലാനിയമത്തില്‍ പ്രോചാന്‍സലര്‍ പദവി പ്രത്യേകം നിര്‍വചിക്കപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ ഇത് സ്വാഭാവിക നടപടി മാത്രമാണ്.

പ്രോചാന്‍സലര്‍ എന്തെങ്കിലും നിര്‍ദ്ദേശം സമര്‍പ്പിച്ചാല്‍ അത് സ്വീകരിക്കാനോ നിരാകരിക്കാനോ അധികാരമുള്ളതാണ് ചാന്‍സലര്‍ പദവി. നീണ്ടകാലത്തെ ഭരണാനുഭവമുള്ള ബഹുമാനപ്പെട്ട ഗവര്‍ണര്‍, ചാന്‍സലര്‍ എന്ന അധികാരം ഉപയോഗിച്ച് നടത്തിയ പുനര്‍നിയമനം പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെയാണെന്നത് ആര്‍ക്കും അറിയാവുന്നതാണ്.

നിയമനത്തില്‍ അപാകതയൊന്നുമില്ലെന്ന് ബഹുമാനപ്പെട്ട കോടതിതന്നെ പറയുകയും ചെയ്തു. എന്നിട്ടും വിവാദം തുടരുന്നത് അപലപനീയമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in