എ.കെ.ജി സെന്ററിന് പോലും രക്ഷയില്ലാതായിരിക്കുന്നു, ബോംബേറിന് പിന്നില്‍ അസൂത്രിത ഗൂഢാലോചനയെന്ന് കാനം രാജേന്ദ്രന്‍

എ.കെ.ജി സെന്ററിന് പോലും രക്ഷയില്ലാതായിരിക്കുന്നു, ബോംബേറിന് പിന്നില്‍ അസൂത്രിത ഗൂഢാലോചനയെന്ന് കാനം രാജേന്ദ്രന്‍

എ.കെ.ജി സെന്ററിന് പോലും രക്ഷയില്ലെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍.ഡി.എഫിനെതിരെ അസൂത്രിതമായ ഗൂഢാലോചന ഈ ആക്രമണത്തിന് പിന്നിലുണ്ട്. എകെജി സെന്റര്‍ ബോംബെറിഞ്ഞ് ആക്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പൊതു സമൂഹം നിരുത്സാഹപ്പെടുത്തേണ്ട നടപടിയാണിതെന്നും കാനം പറഞ്ഞു.

'കോണ്‍ഗ്രസ് ആണ് പിന്നിലെന്ന് അന്വേഷിച്ചാലെ അറിയാന്‍ കഴിയൂ. സ്വാഭിവകമായും എല്‍.ഡി.എഫിനെതിരെ അസൂത്രിതമായ ഗൂഢാലോചന ഈ ആക്രമണത്തിന് പിന്നിലുണ്ട്. കേരളത്തിന്റെ പൊതു സമൂഹം നിരുത്സാഹപ്പെടുത്തേണ്ട നടപടിയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതൊക്കെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ചര്‍ച്ച ചെയ്തതാണ്. അതില്‍ നിയമസഭയില്‍ പ്രാതിനിധ്യമുള്ള എല്ലാ രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നു. അന്നാണ് പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കാന്‍ പാടില്ല എന്ന് തീരുമാനമെടുത്തത്. കേരളത്തില്‍ അരക്ഷിതാവസ്ഥയുണ്ട് എന്ന് കാണിക്കാന്‍ വേണ്ടിയുള്ള ശ്രമമാണ്. ക്രമസമാധാന നില തകര്‍ന്നിരിക്കുന്നു. എ.കെ.ജി സെന്ററിന് പോലും രക്ഷയില്ലാതായിരിക്കുന്നു,' കാനം രാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം തിരുവനന്തപുരത്ത് എ.കെ.ജി സെന്റര്‍ ആക്രമിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. തിരുവനന്തപുരം സിറ്റി കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക സംഘത്തെ നിയോഗിക്കുക.

സംഭവ സ്ഥലത്ത് ഫോറന്‍സിക് സംഘം എത്തി പരിശോധന നടത്തിയിട്ടുണ്ട്. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

പ്രതി ബോംബ് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ സമീപമുള്ള സി.സി.ടി.വി ക്യാമറയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി കൂടുതല്‍ സിസിടിവി ക്യാമറകള്‍ പരിശോധിക്കും.

അതിനിടെ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ആക്രമണമുണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്.

കഴിഞ്ഞ ദിവസം 11.30ഓടെയാണ് എ.കെ.ജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ എത്തിയ ആള്‍ ബോംബ് എറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in