ഇതിലിത്ര ചിരിക്കാന്‍ എന്തിരിക്കുന്നു? യുക്രൈന്‍ വിഷയത്തില്‍ പൊട്ടിച്ചിരിച്ച കമല ഹാരിസിന് വിമര്‍ശനം

ഇതിലിത്ര ചിരിക്കാന്‍ എന്തിരിക്കുന്നു? യുക്രൈന്‍ വിഷയത്തില്‍ പൊട്ടിച്ചിരിച്ച കമല ഹാരിസിന് വിമര്‍ശനം

യുക്രേനിയന്‍ അഭയാര്‍ത്ഥികളെ അമേരിക്ക ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് പൊട്ടിച്ചിരിച്ച യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെതിരെ വിമര്‍ശനം. വാഴ്‌സയില്‍ വെച്ച് പോളിഷ് പ്രസിഡന്റ് അന്ദ്രേയ് ഡൂഡയുമായി നടത്തിയ സംയുക്ത പത്ര സമ്മേളനത്തിലാണ് കമല ഹാരിസ് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ചത്.

യുക്രൈന്‍ അഭയാര്‍ത്ഥികളെ ഏറ്റെടുക്കാന്‍ അമേരിക്ക തയ്യാറാകുമോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം.

കൂടുതല്‍ അഭയാര്‍ത്ഥികളെ ഏറ്റെടുക്കാന്‍ അമേരിക്കയോട് ആവശ്യപ്പെടുമോ എന്നായിരുന്നു പോളണ്ട് പ്രസിഡന്റ് ആന്ദ്രേയ് ഡൂഡയോട് ചോദിച്ചത്.

ചോദ്യത്തിന് ഉത്തരം പറയുന്നതിന് പകരം രണ്ട് നേതാക്കളും പരസ്പരം ആര് ഉത്തരം പറയുമെന്ന് നോക്കി പൊട്ടിച്ചിരിക്കുകയാണ് ആദ്യം ചെയ്തത്. ശേഷമാണ് മറുപടി നല്‍കിയത്.

യുക്രൈന്‍ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കുന്നതിനായുള്ള കോണ്‍സുലര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ അമേരിക്കയോട് പോളണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഡൂഡ മറുപടി പറഞ്ഞത്. അഭയാര്‍ത്ഥികളുടെ കുത്തൊഴുക്ക് മൂലം പോളണ്ട് നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തങ്ങള്‍ സംസാരിച്ചതായി കമല ഹാരിസും മറുപടി നല്‍കി. അതേസമയം കൂടുതല്‍ അഭയാര്‍ത്ഥികളെ അമേരിക്ക ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് കമല മറുപടിയൊന്നും പറഞ്ഞില്ല.

ഗൗരവമേറിയ ചോദ്യത്തിന് പൊട്ടിച്ചിരിച്ച നടപടി മോശമാണെന്നാണ് സമൂഹ മാധ്യത്തില്‍ ഉയരുന്ന വിമര്‍ശനം. മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യം ചിരിച്ചു തള്ളേണ്ട കാര്യമല്ലെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

80 വര്‍ഷമായി നമ്മള്‍ കണ്ടിട്ടില്ലാത്ത മാനുഷിക പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ വേദിയിലെ ചിരി അടക്കി നിര്‍ത്തണം തുടങ്ങി വലിയ തരത്തിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in