തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യ ദുരന്തത്തില്‍ 13 പേര്‍ മരിച്ചു; 40 ഓളം പേര്‍ ചികിത്സയില്‍

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യ ദുരന്തത്തില്‍ 13 പേര്‍ മരിച്ചു; 40 ഓളം പേര്‍ ചികിത്സയില്‍
Published on

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യ ദുരന്തത്തില്‍ 13 പേര്‍ മരിച്ചു. 40 ഓളം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. കള്ളക്കുറിച്ചി മെഡിക്കല്‍ കോളേജ്, സേലം ആശുപത്രി, പുതുച്ചേരി ജിപ്‌മെര്‍ എന്നിവിടങ്ങളിലാണ് അവശനിലയിലായവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കരുണാപുരത്തു നിന്ന് വ്യാജമദ്യം കഴിച്ചവരാണ് ദുരന്തത്തില്‍ പെട്ടത്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവിന്ദരാജ് എന്നയാളാണ് പിടിയിലായത്. ഇയാളാണ് മദ്യം വിറ്റത്.

200 ലിറ്റര്‍ മദ്യവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പ്രതിയില്‍ നിന്ന് കണ്ടെടുത്ത മദ്യത്തില്‍ മീതൈല്‍ ആല്‍ക്കഹോളിന്റെ അംശം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ സിബിസിഐഡി അന്വേഷണത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉത്തരവിട്ടു. കള്ളക്കുറിച്ചി പോലീസ് സൂപ്രണ്ട് സമയ് സിങ് മീണയെയും ലഹരി വിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തു. ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ ശെഖാവത്തിനെ സ്ഥലം മാറ്റാനും സ്റ്റാലിന്‍ നിര്‍ദേശിച്ചു.

ജില്ലാ കളക്ടര്‍ നടത്തിയ പ്രതികരണമാണ് നടപടിക്ക് കാരണം. വ്യാജ മദ്യ ദുരന്തമല്ല നടന്നതെന്നായിരുന്നു കളക്ടര്‍ പറഞ്ഞത്. മരിച്ചവരില്‍ രണ്ടുപേര്‍ വയറിളക്കത്തെത്തുടര്‍ന്നാണ് മരിച്ചതെന്നും ഒരാള്‍ മദ്യപിക്കാറില്ലെന്നും ശ്രാവണ്‍ കുമാര്‍ പറഞ്ഞിരുന്നു. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും രക്ത സാമ്പിളുകള്‍ പരിശോധിച്ചാലേ കാരണം മനസിലാകൂ എന്നും കളക്ടര്‍ പറഞ്ഞിരുന്നു. പിന്നീട് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണങ്ങള്‍ വ്യാജമദ്യം മൂലമാണെന്ന് സ്ഥിരീകരിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in