കടയ്ക്കാവൂർ കേസിലെ അമ്മ നിരപരാധി; മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ്

കടയ്ക്കാവൂർ കേസിലെ അമ്മ നിരപരാധി;  മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ്

കടയ്ക്കാവൂരിൽ അമ്മ പീഡിപ്പിച്ചെന്നുള്ള പതിമൂന്ന് വയസ്സുകാരനായ മകന്റെ മൊഴി വ്യാജമെന്ന് പൊലീസ് കണ്ടെത്തൽ. മകന്റെ മൊഴി വിശ്വസനീയമല്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. വിശദമായ വൈദ്യപരിശോധനയിൽ കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്താനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് ഒന്നിലധികം തവണയാണ് വൈദ്യപരിശോധന നടത്തിയത്. ഇതിലൊന്നും പീഡനം നടന്നതായി കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. കേസില്‍ പ്രതിചേര്‍ക്കാന്‍ അമ്മയ്‌ക്കെതിരെ തെളിവില്ലെന്ന് കാണിച്ച് പ്രത്യേക അന്വേഷണ സംഘം പോക്‌സോ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കഴിഞ്ഞ ഡിസംബറിലാണ് പോക്‌സോ കേസില്‍ നാല് മക്കളുടെ അമ്മ അറസ്റ്റിലായത്. 13കാരനായ മകനെ അമ്മ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് കേസ്. സംഭവുമായി ബന്ധപ്പെട്ട് പോക്സോ കുറ്റം ചുമത്തി അമ്മയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് കാട്ടി അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും കുട്ടിയെ ആരെങ്കിലും മസ്തിഷ്ക പ്രക്ഷാളനം നടത്തിയോയെന്ന് പരിശോധിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇത്തരം കേസുകൾ റജിസ്റ്റർ ചെയ്യുന്നതിനു മുമ്പ് പ്രാഥമികാന്വേഷണം നടത്തണമെന്നും കോടതി പൊലീസിനോട് നിർദേശിച്ചു.

വ്യക്തി വിരോധം തീര്‍ക്കാന്‍ മുന്‍ ഭര്‍ത്താവ് മകനെക്കൊണ്ട് കള്ള മൊഴി നല്‍കിപ്പിച്ചതാണെന്നായിരുന്നു അമ്മയുടെ വാദം. എന്നാല്‍ മകനെ ഉപയോഗിച്ച് കള്ള പരാതി നല്‍കിയിട്ടില്ല. ഒരു കുട്ടിയിലും കാണാന്‍ ആഗ്രഹിക്കാത്ത വൈകൃതങ്ങള്‍ മകനില്‍ കണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ വിവരം അറിയിച്ചത് എന്നുമായിരുന്നു കുട്ടിയുടെ അച്ഛന്റെ വാദം. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ഐപിഎസ് ഓഫീസര്‍ ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തില്‍ പ്രത്യക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസില്‍ അന്വേഷണം നടത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in