അക്രമത്തിന്റെ കിരീടം എന്റെ തലയില്‍ വെക്കേണ്ട, അനുയോജ്യം കോടിയേരിയുടെയും പിണറായിയുടെയും തലയ്ക്ക്: കെ സുധാകരന്‍

അക്രമത്തിന്റെ കിരീടം എന്റെ തലയില്‍ വെക്കേണ്ട, അനുയോജ്യം കോടിയേരിയുടെയും പിണറായിയുടെയും തലയ്ക്ക്: കെ സുധാകരന്‍

കേരളത്തിലെ കലാലയങ്ങളില്‍ കെ.എസ്.യു പ്രവര്‍ത്തകരാണ് കൂടുതലും മരിച്ചത് എന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

ഈ കൊലപാതകത്തിന്റെ ഒക്കെ ഉത്തരവാദിത്തം ആര്‍ക്കാണ് എന്നും അദ്ദേഹം ചോദിച്ചു.

തെരഞ്ഞെടുപ്പ് വന്നപ്പോള്‍ മുതല്‍ പത്ത് ദിവസമായി കോളേജില്‍ ഗുണ്ടകള്‍ ക്യാംപ് ചെയ്യുകയാണ് എന്നും സംഭവത്തിന് ശേഷം മുഴുവന്‍ കോളേജ് ഹോസ്റ്റലുകളും എസ്.എഫ്.ഐയുടെ നിയന്ത്രണത്തിലാക്കി മാറ്റിയിരിക്കുകയാണ് എന്നും സുധാകരന്‍ ആരോപിച്ചു.

കലാപ രാഷ്ട്രീയത്തിന്റെ വക്താക്കളായി കലാശാലകളും രാഷ്ട്രീയ മണ്ഡലങ്ങളും അറുകൊലകളുടെ വിളനിലമാക്കി മാറ്റിയ മാക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്ക് കേരളത്തില്‍ അക്രമത്തില്‍ മറ്റൊരു പാര്‍ട്ടിയെയും ഒരു പാര്‍ട്ടിയുടെ നേതാവിനെയും കുറ്റപ്പെടുത്താന്‍ ധാര്‍മികമായ അവകാശമില്ല. കലാപത്തിന്റെ കത്തി ആദ്യം താഴെ വെക്കേണ്ടത് സി.പി.ഐ.എം ആണ്. ഈ കൊലപാതകത്തെയും ശക്തിയുക്തം അപലപിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകത്തില്‍ കെ സുധാകരനെതിരെയും കോണ്‍ഗ്രസിനെതിരെയും വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് സുധാകരന്റെ പരാമര്‍ശം.

അക്രമ രാഷ്ട്രീയം കോണ്‍ഗ്രസ് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ല. ആ കിരീടം ഏറ്റവും അനുയോജ്യമാകുന്നത് പിണറായിവിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും തലയിലാണ്. അത് അവിടെ വെച്ചാല്‍ മതി എന്റെ തലയില്‍ വെക്കേണ്ട എന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുധാകരന്റെ വാക്കുകള്‍

കേരളത്തിലെ കലാലയത്തില്‍ നടന്ന അക്രമത്തിന്റെയും കൊലപാതകത്തിന്റെയും കണക്കെടുത്ത് പരിശോധിച്ചാല്‍ കെ എസ്.യുവിന്റെ പ്രവര്‍ത്തകര്‍ മരിച്ചുവീണതിന്റെ മൂന്നില്‍ ഒരംശം എസ്.എഫ്.ഐക്കാര്‍ മരിച്ചുവീണിട്ടില്ല. ഈ കൊലപാതകത്തിന്റെ ഒക്കെ ഉത്തരവാദിത്തം ആര്‍ക്കാണ്. മുഴുവന്‍ കോളേജുകളിലേയും ഹോസ്റ്റലുകള്‍ എസ്.എഫ്.ഐ ഗുണ്ടാ ക്രിമിനലിസത്തിന്റെ ആപ്പീസ് ആക്കി ഹോസ്റ്റലുകള്‍ മാറ്റിയിരിക്കുന്നു. ഇന്നലെ സംഭവം നടന്ന കോളേജ് ഹോസ്റ്റലും എസ്.എഫ്.ഐയുടെ കസ്റ്റഡിയിലും നിയന്ത്രണത്തിലുമാണ്. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഗുണ്ടകള്‍ പത്ത് ദിവസമായി അവിടെ ക്യാംപ് ചെയ്യുകയാണ്. ആരുടെ നയമാണ് പ്രാവര്‍ത്തികമാക്കുന്നത്. സുധാകരന്റെ നയമാണോ? കേരളത്തിലെ മൊത്തം അക്രമസംഭവങ്ങള്‍ ഒന്ന് താരതമ്യം ചെയ്താല്‍ കോണ്‍ഗ്രസ് എവിടെയാണ് സി.പി.ഐ.എം എവിടെയാണ്.

കലാപ രാഷ്ട്രീയത്തിന്റെ വക്താക്കളായി കലാശാലകളും രാഷ്ട്രീയമണ്ഡലങ്ങളും അറുകൊലകളുടെ വിളനിലമാക്കി മാറ്റിയ മാക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കള്‍ക്ക് കേരളത്തില്‍ അക്രമത്തില്‍ മറ്റൊരു പാര്‍ട്ടിയെയും ഒരു പാര്‍ട്ടിയുടെ നേതാവിനെയും കുറ്റപ്പെടുത്താന്‍ ധാര്‍മികമായ അവകാശമില്ല. കലാപത്തിന്റെ കത്തി ആദ്യം താഴെ വെക്കേണ്ടത് സി.പി.ഐ.എം ആണ്. ഈ കൊലപാതകത്തെയും ശക്തിയുക്തം അപലപിക്കുന്നു.

സാഹചര്യത്തെക്കുറിച്ച് പഠിക്കാന്‍ പാര്‍ട്ടി കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാല്‍ പാര്‍ട്ടി അതിനനുസരിച്ച് പ്രവര്‍ത്തിക്കും. അക്രമ രാഷ്ട്രീയം കോണ്‍ഗ്രസ് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കില്ല. ആ കിരീടം ഏറ്റവും അനുയോജ്യമാകുന്നത് പിണറായിവിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും തലയിലാണ്. അത് അവിടെ വെച്ചാല്‍ മതി എന്റെ തലയില്‍ വെക്കേണ്ട.

The Cue
www.thecue.in