'പിണറായി രാജിവെക്കണം, ക്യാപ്റ്റന്‍ നിലംപരിശായി'; ഇനി പുതിയ കോണ്‍ഗ്രസെന്ന് സുധാകരന്‍

'പിണറായി രാജിവെക്കണം, ക്യാപ്റ്റന്‍ നിലംപരിശായി'; ഇനി പുതിയ കോണ്‍ഗ്രസെന്ന് സുധാകരന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഫലം വന്നതോടെ ക്യാപ്റ്റന്‍ നിലംപരിശായി. ഓരോ റൗണ്ടിലും ഓരോ കാതം പിന്നിലാവുകയായിരുന്നു എല്‍.ഡി.എഫ്. തൃക്കാക്കര ജനവിധി എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നും കെ.സുധാകരന്‍. ജനഹിതം മാനിച്ച് പിണറായി വിജയന്‍ മുഖ്യമന്ത്രി പദം രാജിവെക്കണം.

കെ.സുധാകരന്‍ മാധ്യമങ്ങളോട്

കേരളത്തിന്റെ ജനഹിതത്തിന്റെ പ്രതിഫലനമാണ് തൃക്കാക്കരയില്‍ കണ്ടത്. രാഷ്ട്രീയ രംഗത്ത് ഇന്നുവരെ കാണാത്ത തെരഞ്ഞെടുപ്പ് ധൂര്‍ത്താണ് തൃക്കാക്കരയില്‍ നടത്തിയത്. ജനങ്ങളെ വിലക്കെടുക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. കണ്ണൂരില്‍ നിന്നടക്കം വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് കള്ള വോട്ട് ചെയ്യാന്‍ സി.പി.ഐ.എമ്മിന്റെ ആളുകള്‍ പോയിട്ടുണ്ട്.

കള്ളവോട്ട് ചെയ്തിട്ടും ഇതാണ് ഫലമെങ്കില്‍ എല്‍.ഡി.എഫ് കള്ളവോട്ട് ചെയ്തില്ലെങ്കില്‍ എന്തായിരിക്കും ഫലം. കേരളത്തിന്റെ രാഷ്ട്രീയത്തില്‍ വരാന്‍ പോകുന്ന കോണ്‍ഗ്രസ് ഇതാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പുതിയ മുഖമാണ് ഈ കണ്ടത്. എല്ലാ ജില്ലകളിലെയും കോണ്‍ഗ്രസിന്റെ കര്‍മ്മഭടന്‍മാര്‍ തൃക്കാക്കരയില്‍ സജീവമായിരുന്നു. കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തന ശൈലിയാണ് തൃക്കാക്കരയില്‍ കണ്ടത്.

അതേ ഇതാണ് പുതിയ കോണ്‍ഗ്രസ്. ഈ കോണ്‍ഗ്രസായിരിക്കും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിന്റെ ചുക്കാന്‍ പിടിക്കും. ഈ ദയനീയ പരാജയം മനസിലാക്കി സ്വയം തിരുത്താന്‍ ഇടതുമുന്നണി തയ്യാറാകണം. കെ റെയില്‍ കേരളത്തിന് വേണ്ടെന്ന വിലയിരുത്തല്‍ കൂടിയാണ് ഈ ഫലം.

Related Stories

No stories found.
logo
The Cue
www.thecue.in