രാജിയിലേക്കെത്തിച്ചത് പാലക്കാട്ടെ പ്രത്യേക സാഹചര്യം; ഗോപിനാഥിന് കോണ്‍ഗ്രസ് വിടാനാവില്ലെന്ന് കെ. സുധാകരന്‍

രാജിയിലേക്കെത്തിച്ചത് പാലക്കാട്ടെ പ്രത്യേക സാഹചര്യം; ഗോപിനാഥിന് കോണ്‍ഗ്രസ് വിടാനാവില്ലെന്ന് കെ. സുധാകരന്‍
Published on

എ.വി. ഗോപിനാഥ് പാര്‍ട്ടി വിട്ട് പോകില്ല എന്ന് ഉറപ്പുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ഗോപിനാഥിനെ പാര്‍ട്ടിയില്‍ തുടര്‍ന്നും നിര്‍ത്താനുള്ള ശ്രമങ്ങളാണ് കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയ്ക്ക് തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയെന്നും കെ. സുധാകരന്‍ പറഞ്ഞു.

പാലക്കാടുള്ള പ്രത്യേക സാഹചര്യത്തിന്റെ പുറത്താണ് എ.വി ഗോപിനാഥ് പ്രാഥമിക അംഗത്വം രാജിവെക്കാന്‍ തീരുമാനിച്ചത്. ആ തീരുമാനം അദ്ദേഹം തന്നോട് ചര്‍ച്ച ചെയ്തിരുന്നു എന്നും ഗോപിനാഥുമായി അടുത്തബന്ധമാണ് ഉള്ളതെന്നും സുധാകരന്‍ പറഞ്ഞു.

'പാലക്കാടുള്ള പ്രത്യേക സാഹചര്യത്തിലാണ് എ.വി. ഗോപിനാഥ് രാജിവെക്കാനുള്ള തീരുമാനമെടുത്തത്. ആ തീരുമാനനം എന്നോട് ചര്‍ച്ച ചെയ്തിരുന്നു. വളരെ ഉള്ളില്‍ തട്ടിയ അടുത്ത ബന്ധമാണ് ഞങ്ങളുടേത്. അങ്ങനെ കയ്യൊഴിയാന്‍ ഗോപിനാഥന് കഴിയില്ല. അതുകൊണ്ട് പൂര്‍ണമായും ആത്മവിശ്വാസമുണ്ട്,' സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിവിട്ട് ഗോപിനാഥ് ഒരിടത്തും പോകില്ലെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ തുടര്‍ന്നും നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളായിരിക്കും കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ താന്‍ ശ്രമിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുന്നോട്ട് പോക്കിന് താന്‍ തടസ്സമാകുന്നുവെന്ന തോന്നല്‍ കൊണ്ടാണ് രാജി പ്രഖ്യാപനമെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും നിലവില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഗോപിനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

'നിരന്തരമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തത്. സ്വന്തം പാര്‍ട്ടിക്ക് തടസമായി നില്‍ക്കുന്നില്ല. കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസമാകുന്നു എന്ന് തോന്നിയപ്പോള്‍ ആരുടെയും പ്രേരണയ്ക്ക് വഴങ്ങാതെ ഒരു അധികാരവും ലഭിക്കില്ല എന്ന ഉത്തമ വിശ്വാസത്തോടുകൂടി തന്നെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവെച്ചതായി പ്രഖ്യാപിക്കുന്നു,' എന്നും ഗോപിനാഥ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in