അങ്ങനെ ഓടിച്ചില്ല എങ്കില്‍ ആ കൊലപാതകം ഉണ്ടാവുമോ?; ധീരജ് മരണം ഇരന്നുവാങ്ങിയത്; ന്യായീകരണം ആവര്‍ത്തിച്ച് കെ. സുധാകരന്‍

അങ്ങനെ ഓടിച്ചില്ല എങ്കില്‍ ആ കൊലപാതകം ഉണ്ടാവുമോ?; ധീരജ് മരണം ഇരന്നുവാങ്ങിയത്; ന്യായീകരണം ആവര്‍ത്തിച്ച് കെ. സുധാകരന്‍

ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ കൊല്ലപ്പെട്ട ധീരജിന്റെ മരണം ഇരന്നുവാങ്ങിയതെന്ന് ആവര്‍ത്തിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍.

ധീരജിന്റെ കുടുംബത്തെ വേദനിപ്പിക്കാന്‍ വേണ്ടിയല്ല ഇത് പറയുന്നതെന്നും കേസിലെ പ്രതിയായ നിഖില്‍ പൈലിയെ കൊലപ്പെടുത്താന്‍ ശ്രമിക്കവെയാണ് ധീരജിന് കുത്തേറ്റത് എന്നും സുധാകരന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു സുധാകരന്റെ പ്രതികരണം.

'ഞാന്‍ ഈ പറഞ്ഞ വാക്ക് ഒരു കുടുംബത്തെയോ മറ്റോ വേദനിപ്പിക്കാനല്ല. ഇരന്നുവാങ്ങിയ മരണം എന്ന് ഞാന്‍ പറയാന്‍ കാരണം നിഖില്‍ പൈലി ധീരജിനെ വെട്ടാനോ കുത്താനോ വന്നവല്ലല്ലോ. അങ്ങനെ ആയിരുന്നെങ്കില്‍ അവന് ഓടേണ്ടല്ലോ. അവന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചില്ലേ. ഒന്നര കിലോമീറ്ററോളം ഇവന്‍ ഓടിയില്ലേ. ഓടി ഓടി ക്ഷീണിച്ച് തളര്‍ന്ന് അവന്‍ വീണില്ലേ. ആ വീഴുന്ന സ്ഥലത്ത് വെച്ചല്ലേ ഇവന് കുത്ത് കൊള്ളുന്നത്. ആ കുത്ത് ഞങ്ങള്‍ മനസിലാക്കുന്നത്, ഒരു അസെസ്‌മെന്റ് ആണ്, നിഖില്‍ പൈലി വീഴുന്നു, ഓടി വീണ അവനെവിടെ കുത്തി? അപ്പോള്‍ അങ്ങനെ ഓടിച്ചില്ല എങ്കില്‍ ആ കൊലപാതകം ഉണ്ടാവുമോ?,' സുധാകരന്‍ പറഞ്ഞു.

എ.കെ.ജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇ.പി ജയരാജന്റെ ചെറിയ ബുദ്ധിയാണെന്നും കെ. സുധാകരന്‍ പറഞ്ഞു. ജയരാജനെ പ്രതിയാക്കിയാല്‍ ബോംബെറിഞ്ഞവരെ പിടികൂടാനാകുമെന്നും സുധാകരന്‍ പറഞ്ഞു.

സംഭവത്തിന് പിന്നില്‍ ജയരാജനെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സംശമുണ്ട്. സി.പി.ഐ.എമ്മിനുള്ളില്‍ ജയരാജനെതിരെ അമര്‍ഷമുണ്ട്. വിമാനത്തിനുള്ളില്‍ പ്രതിഷേധക്കാരെ അക്രമിച്ച സംഭവത്തില്‍ ഇന്നല്ലെങ്കില്‍ നാളെ ജയരാജന്‍ പ്രതിയാകുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in