നരേന്ദ്രമോദിയെയും അമിത് ഷായെയും വിമര്‍ശിച്ചതിന് ഫേസ്ബുക്ക് വിലക്ക്, കവി സച്ചിദാനന്ദന് ഐക്യദാര്‍ഡ്യം

നരേന്ദ്രമോദിയെയും അമിത് ഷായെയും വിമര്‍ശിച്ചതിന് ഫേസ്ബുക്ക് വിലക്ക്, കവി സച്ചിദാനന്ദന് ഐക്യദാര്‍ഡ്യം
Published on

നരേന്ദ്രമോദിയെയും അമിത് ഷായെയും വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ പങ്കുവച്ചതിനാല്‍ ഫേസ്ബുക്ക് വിലക്ക് നേരിട്ട കവി സച്ചിദാനന്ദന് ഐക്യദാര്‍ഡ്യവുമായി സാംസ്‌കാരിക ലോകം. ഫെയ്സ്ബുക്ക് വിലക്കിയാല്‍ ഉടന്‍ വായുവില്‍ അലിഞ്ഞു പോകുന്ന വ്യക്തിയല്ല സച്ചി മാഷെന്ന് എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു. എഴുപത്തിയഞ്ച് വയസുള്ള ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടത്തെ ഓർത്ത് ലജ്ജിക്കുന്നതായി അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

ബെന്യാമിന്റെ പ്രതികരണം

ഫേസ്ബുക് വിലക്കിയാല്‍ ഉടന്‍ വായുവില്‍ അലിഞ്ഞു പോകുന്ന വ്യക്തിയല്ല സച്ചി മാഷ്. അദ്ദേഹം ഇന്നോളം എഴുതിയ കവിതകളും ഉയര്‍ത്തിപ്പിടിച്ച നിലപാടുകളും ഭീരുക്കളുടെ നെഞ്ചില്‍ ഒരു ഇടിമുഴക്കം പോലെ വന്നു പതിക്കുന്നുണ്ട് എന്നര്‍ത്ഥം. എഴുപതിയഞ്ച് വയസുള്ള ഒരു കവിയെപോലും ഭയക്കുന്ന ഭരണകൂടം. അയ്യയ്യേ നാണക്കേട്

സച്ചിദാനന്ദനെ ഫേസ്ബുക്ക് വിലക്കിയ സംഭവം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ അറിയിച്ചു . ‘അഭിപ്രായം സ്വതന്ത്രമായി പറയാനും, എഴുതാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന പൗരന് ഉറപ്പ് നല്‍കുന്നതാണ്. ആ ഉറപ്പും അവകാശവുമാണ് ഇന്ത്യയില്‍ ഹനിക്കപ്പെടുന്നത്. മോദിയും അമിത്ഷായും വിമര്‍ശനത്തിന് അതീതരെന്ന് പ്രഖ്യാപിക്കുന്ന സംഭവമാണ് ഈ ഫേസ്ബുക്ക് വിലക്ക്. ഇത് ജനാധിപത്യ വിരുദ്ധമാണ്. സച്ചിദാനന്ദന്റെ ധീരമായ നിലപാടുകളെ ഡി.വൈ.എഫ്.ഐ അഭിവാദ്യം ചെയ്യുന്നതായി പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിൽ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും രണ്ടു വീഡിയോകൾ പോസ്റ്റു ചെയ്തതിനെത്തുടർന്നായിരുന്നു ഫേസ്ബുക്കിന്റെ നടപടി . വാട്‌സാപ്പിൽ പ്രചരിച്ചുകൊണ്ടിരുന്ന വീഡിയോകളാണ് താൻ പോസ്റ്റുചെയ്തതെന്നും വിലക്കുസംബന്ധിച്ച് വെള്ളിയാഴ്ച രാത്രി ഫെയ്‌സ്ബുക്കിൽ അറിയിപ്പു ലഭിച്ചതായും സച്ചിദാനന്ദൻ പറഞ്ഞു.

ഫെയ്‌സ്ബുക്കിൽ ലൈവായി പ്രത്യക്ഷപ്പെടരുതെന്നും നിർദേശമുണ്ട്. 24 മണിക്കൂർ നേരത്തേക്ക്‌ പോസ്റ്റുചെയ്യുന്നതും കമന്റിടുന്നതും ലൈക്കടിക്കുന്നതുമൊക്കെ വിലക്കിയിട്ടുണ്ട്. പരിഹാസ രൂപേണയുള്ള ഒരു കമന്റ്‌ പോസ്റ്റ് ചെയ്തതിന് ഇതിന് മുൻപും തനിക്ക് താക്കീത് കിട്ടിയിരുന്നായും മുമ്പും പല കമന്റുകളും അപ്രത്യക്ഷമായിട്ടുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു. കേന്ദ്രസർക്കാരിനെ വിമർശിക്കുന്നവർ നിരീക്ഷിക്കപ്പെടുന്നതിന്റെ തെളിവാണ് ഈ വിലക്കെന്ന് കവി സച്ചിദാനന്ദൻ പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in