അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനും കര്‍ഷകനും; അനുഭവസമ്പത്തിന്റെ തിളക്കവുമായി മന്ത്രിസഭയില്‍ കെ.രാധാകൃഷ്ണന്‍

അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനും കര്‍ഷകനും; അനുഭവസമ്പത്തിന്റെ തിളക്കവുമായി മന്ത്രിസഭയില്‍ കെ.രാധാകൃഷ്ണന്‍

തിരുവനന്തപുരം: മന്ത്രിയായും സ്പീക്കറായും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ചേലക്കരയുടെ കെ രാധാകൃഷ്ണനെ അനുഭവ സമ്പത്ത് കൂടിയാണ് വ്യത്യസ്തനാക്കുന്നത്. ലളിത ജീവിതവും വിനയവും കൊണ്ട് ജന ഹൃദയങ്ങളില്‍ ആദരം നേടിയ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരന്‍ കൂടിയാണ് രാധാകൃഷ്ണന്‍.39400 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ചേലക്കരക്കാര്‍ അവരുടെ സ്വന്തം രാധേട്ടനെ തെരഞ്ഞെടുത്തത്.

അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനും മാതൃക കര്‍ഷകനുമാണ് രാധാകൃഷ്ണന്‍ എന്നാണ് നാട്ടുകാര്‍ പറയുക. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിത പരിസരത്തിലൂടെയാണ് പൊതുപ്രവര്‍ത്തന മേഖലയില്‍ സ്വന്തമായൊരിടം അദ്ദേഹം ഉണ്ടാക്കിയെടുക്കുന്നത്. തോന്നൂര്‍ക്കര വടക്കേവളപ്പില്‍ കൊച്ചുള്ളിയുടെയും, ചിന്നയുടെയും മകനാണ് രാധാകൃഷ്ണന്‍.

കന്ന് പൂട്ടിയും വിത്തെറിഞ്ഞും ചെറുപ്പത്തിലേ തന്നെ ശീലമുള്ള അദ്ദേഹം നല്ല കര്‍ഷകനാണ് താനെന്ന് അഭിമാനത്തോടെ പറയുന്ന ആളുമാണ്. കേരളവര്‍മ്മ കോളേജില്‍ ബിരുദം പഠിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയപ്പെട്ട നേതാവായിരുന്നു അദ്ദേഹം. എസ്എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയായി സംഘടനാ ചുമതലകളും രാധാകൃഷ്ണന്‍ ഏറ്റെടുത്തു.

കോണ്‍ഗ്രസിന്റെ അടിയുറച്ച മണ്ഡലം പിടിച്ചെടുത്താണ് നിയമസഭയിലേക്കുള്ള പ്രവേശനം. 1996ലായിരുന്നു ആദ്യമായി ജനവിധി തേടിയത്. നായനാര്‍ മന്ത്രിസഭയിലെ പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമമന്ത്രിയായിരുന്നു. 2001ല്‍ ചീഫ് വിപ്പായിരുന്നു. 2006ല്‍ നിയസഭാ സ്പീക്കറും. ഓരോ തെരഞ്ഞെടുപ്പിലും രാധാകൃഷ്ണന്റെ ഭൂരിപക്ഷം ഉയരുകയായിരുന്നു.

സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ രാധാകൃഷ്ണന്റെ പേര് വന്നതും അപ്രതീക്ഷിതമായിരുന്നു. പതിറ്റാണ്ടുകള്‍ സിപിഐഎം രാഷ്ട്രീയത്തോട് ചേര്‍ന്ന് നിന്ന രാധാകൃഷ്ണനില്‍ കേരളത്തിന്റെ പ്രതീക്ഷയും വലുതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in