'കാണാന്‍ സൗന്ദര്യമുണ്ട്, വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ട്', ആര്യ രാജേന്ദ്രനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുരളീധരന്‍

'കാണാന്‍ സൗന്ദര്യമുണ്ട്, വായില്‍ നിന്ന് വരുന്നത് ഭരണിപ്പാട്ട്', ആര്യ രാജേന്ദ്രനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുരളീധരന്‍

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിവാദ പരാര്‍ശവുമായി കെ. മുരളീധരന്‍ എം.പി. കാണാന്‍ നല്ല ഭംഗിയുണ്ട്. പക്ഷെ വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിലേതിന് സമാനമായ വര്‍ത്തമാനമാണ് എന്നാണ് മുരളീധരന്‍ പറഞ്ഞത്.

തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലര്‍മാരുടെ സമരം ചൂണ്ടിക്കാട്ടിയായിരുന്നു മുരളീധരന്റെ വിമര്‍ശനം. അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍ എന്ന സിനിമയിലെ കനകസിംഹാസനത്തിലെ എന്ന പാട്ട് ഞങ്ങളെക്കൊണ്ട് പാടിക്കരുതെന്നും എം.പി പത്മനാഭന്‍ അടക്കമുള്ളവര്‍ ഇരുന്ന കസേരയിലാണ് ആര്യ രാജേന്ദ്രന്‍ കയറിയിരിക്കുന്നതെന്നും മുരളീധരന്‍ പരഹിസിച്ചു.

കൗണ്‍സിലര്‍മാരുടെ സമരം മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുകയാണെന്നും സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും കോടികള്‍ മുക്കാനാണ് സര്‍ക്കാരിന്റെ അടുത്ത പദ്ധതിയെന്നും മുരളീധരന്‍ പറഞ്ഞു.

മുരളീധരന്റെ വാക്കുകള്‍

എം.പി പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന ഒരു കസേരയിലാണ് ആര്യ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട്, അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍ എന്ന സിനിമയിലെ കനകസിംഹാസനത്തിലെ എന്ന പാട്ട് ഞങ്ങളെക്കൊണ്ട് പാടിക്കരുത് എന്ന് മാത്രമാണ് അവരോട് പറയാനുള്ളത്. കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാണ്, പക്ഷെ വായില്‍ നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണപ്പാട്ടിനെക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റമഴയ്ക്ക് മാത്രം കിളിര്‍ത്തുതാണ്. ആ മഴ കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇത്.

കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങളും ഒക്കെ മുഖ്യമന്ത്രി എന്നും കാണുന്നുണ്ട്. പക്ഷെ അദ്ദേഹം ഒരു വാക്കുപറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. കാരണം മൂപ്പരുടെ സര്‍ക്കാര്‍ കക്കുന്നതിന്റെ മൂന്നിലൊന്നണല്ലോ ഇവിടെ കക്കുന്നത്. അതുകൊണ്ട് തന്നെ മുഴുക്കള്ളന്‍ കാല്‍ക്കള്ളനെ കുറ്റം പറയാന്‍ നിവൃത്തിയില്ല എന്നു പറഞ്ഞതു പോലെയാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വായ തുറക്കാത്തത്. മൂപ്പര് പിന്നെ സില്‍വര്‍ ലൈനുണ്ടാക്കാന്‍ നോക്കുകയാണ്. അതില്‍ എത്രകോടി അടിച്ചുമാറ്റാം എന്നാണ് നോക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in