'ജോജുവിന്റെ ഷൂട്ടിങ് സ്ഥലത്തേക്ക് പ്രതിഷേധമുണ്ടായേക്കാം, അതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല'; കെ.മുരളീധരന്‍

'ജോജുവിന്റെ ഷൂട്ടിങ് സ്ഥലത്തേക്ക് പ്രതിഷേധമുണ്ടായേക്കാം, അതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല'; കെ.മുരളീധരന്‍

നടന്‍ ജോജു ജോര്‍ജിന്റെ ഷൂട്ടിങ് സ്ഥലത്തേക്ക് പ്രതിഷേധമുണ്ടായേക്കാമെന്ന് കെ.മുരളീധരന്‍ എം.പി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളരെ അസ്വസ്ഥരാണെന്നും, പ്രതിഷേധമുണ്ടായാല്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് മാധ്യമങ്ങളോട് സംസാരിക്കവെ കെ.മുരളീധരന്‍ പറഞ്ഞത്.

'സാധാരണക്കാര്‍ക്ക് വേണ്ടി സമരം ചെയ്യുമ്പോള്‍, അവിടെ ഗതാഗതം തടസപ്പെടുത്താന്‍ പാടില്ല. സിനിമാഷൂട്ടിങിന് ഗതാഗതം തടസപ്പെടുത്താമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ലല്ലോ. ഞങ്ങളാരും സിനിമാതാരങ്ങള്‍ക്ക് എതിരല്ല. കലാകാരന്മാരെ ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍. പക്ഷെ ആ സിനിമാ നടന്‍ കാണിച്ച പ്രവര്‍ത്തി അംഗീകരിക്കാനാകില്ല. അദ്ദേഹം പങ്കെടുക്കുന്ന ഷൂട്ടിങ് സ്ഥലത്തേക്ക് പ്രതിഷേധങ്ങള്‍ ഉണ്ടായെന്ന് വരാം. അതിന് പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ല. കാരണം പ്രവര്‍ത്തകര്‍ വളരെ അസ്വസ്ഥരാണ്. അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ എന്തുകൊണ്ട് സംഭവിച്ചുവെന്ന് നാളെ ഞങ്ങളോട് ചോദിക്കണ്ട.'

കോണ്‍ഗ്രസ് സമരത്തിന് ജോജു നല്ല പബ്ലിസിറ്റിയുണ്ടാക്കി തന്നിട്ടുണ്ടെന്ന് പ്രതികരിച്ച മുരളീധരന്‍, ജോജുവിന്റെ വണ്ടിയുടെ ചില്ലിന് ഇത്രയേറെ വിലയുണ്ടെന്ന് ഇപ്പോഴാണ് മനസിലാക്കിയതെന്നും പരിഹസിച്ചു. കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞാല്‍ കുഴപ്പമില്ല, ട്രെയിനിന് കല്ലെറിഞ്ഞാല്‍ കുഴപ്പമില്ല, പക്ഷെ സിനിമാ നടന്റെ കാറിന്റെ ഒരു ഗ്ലാസിന് പോലും കേട് പറ്റാന്‍ പാടില്ല. ഇന്ന് ഒരുകോടിയുടെ കാര്‍ മാത്രമാണ് പൊതുസ്വത്തായി ഉള്ളത്. ആ അവസ്ഥയിലേക്കെത്തി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. അതാണ് പറഞ്ഞത് പിണറായിസമാണ് ഇപ്പോള്‍ കേരളത്തില്‍ എന്ന്.

ചക്രസ്തംഭന സമരത്തോട് ജനങ്ങള്‍ എല്ലാവരും സഹകരിച്ചുവെന്നും കെ.മുരളീധരന്‍ അവകാശപ്പെട്ടു. 'സമരം വിജയിച്ചതിന്റെ കാരണം ജനങ്ങള്‍ നല്‍കിയ പിന്തുണയാണ്. രണ്ട് മണിക്കൂര്‍ കിടന്നാലും കുഴപ്പമില്ല, ഇതിന്റെ വില കുറഞ്ഞാല്‍ മതിയെന്നാണ് അവരില്‍ പലരും പറഞ്ഞത്.' സംഘടനാതെരഞ്ഞെടുപ്പ് സംബന്ധിച്ച ചോദ്യത്തിന് പരസ്യപ്രതികരണത്തിനില്ലെന്നായിരുന്നു കെ.മുരളീധരന്‍ പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in