വി. മുരളീധരനും സുരേന്ദ്രനും ഉള്ളിടത്തോളം ബി.ജെ.പിക്ക് കേരളത്തില്‍ നിലംതൊടാനാവില്ല: കെ മുരളീധരന്‍

വി. മുരളീധരനും സുരേന്ദ്രനും ഉള്ളിടത്തോളം ബി.ജെ.പിക്ക് കേരളത്തില്‍ നിലംതൊടാനാവില്ല: കെ മുരളീധരന്‍

ഏത് കേന്ദ്രമന്ത്രി വന്ന് എന്തൊക്കെ പ്രഭാഷണം നടത്തിയാലും ബി.ജെ.പിക്ക് കേരളത്തില്‍ നിലംതൊടാനാവില്ലെന്ന് കെ മുരളീധരന്‍ എം.പി. വി. മുരളീധരനും കെ സുരേന്ദ്രനും ഉള്ളിടത്തോളം കാലം യു.ഡി.എഫിനും എല്‍.ഡി.എഫിനും പേടിക്കേണ്ട ആവശ്യമില്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

യു.ഡി.എഫ് ബി.ജെ.പി എന്ന് പറയും. പക്ഷെ ഈ രണ്ട് പേരാണ് വോട്ട് മറിക്കുന്നത് എന്നത് നാട്ടില്‍ പാട്ടാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ തിരുവനന്തപുരം പര്യടനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി കഴക്കൂട്ടം ബൈപ്പാസില്‍ നില്‍ക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയത്.

ലോകകാര്യങ്ങള്‍ നോക്കുന്ന തിരക്കുള്ള മന്ത്രി, കഴക്കൂട്ടത്തെ പാലം പണി നോക്കുന്നതിന് പിന്നിലെ ചേതോവികാരം അറിയാമല്ലോയെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ചാണ് കേന്ദ്ര മന്ത്രി കേരളം സന്ദര്‍ശിക്കുന്നതെന്ന് പരോക്ഷമായി മുഖ്യമന്ത്രി പറയുകയും ചെയ്തിരുന്നു.

കെ. മുരളീധരന്റെ വാക്കുകള്‍

കഴിഞ്ഞ ദിവസം ഒരു കേന്ദ്രമന്ത്രി വന്നു. ഒരുപാട് കേന്ദ്രമന്ത്രിമാര്‍ വന്ന് പോകുന്നുണ്ട്. ഏത് കേന്ദ്രമന്ത്രി വന്ന് എന്തൊക്കെ പ്രഭാഷണം നടത്തിയാലും ബി.ജെ.പിക്ക് കേരളത്തില്‍ നിലംതൊടാനാവില്ല. പിന്നെ എന്തിനാണ് ഇതിനൊക്കെ ഇത്രവലിയ ഗൗരവം കൊടുക്കുന്നത്? ദാ കേന്ദ്രമന്ത്രി വരുന്നു. ഞങ്ങളെ കൊല്ലാന്‍ പോകുന്നേ എന്നാണ്. അങ്ങനെയുള്ള ഭയപ്പാടിന്റെ ഒന്നും ഒരു ആവശ്യവും ഇല്ല. അതിന് കാരണം പറയാം. രണ്ട് നേതാക്കന്മാരായ കെ. സുരേന്ദ്രനും വി. മുരളീധരനും ഉള്ളിടത്തോളം കാലം യു.ഡി.എഫിനും എല്‍.ഡി.എഫിനും പേടിക്കേണ്ട ആവശ്യമില്ല.

ആ പാര്‍ട്ടി കേരളത്തില്‍ ഗതിപിടിക്കില്ല. ഞങ്ങള്‍ക്കുള്ള ഒരു സന്തോഷം എന്താണെന്ന് പറഞ്ഞാല്‍, കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെട്ട വോട്ട് ബാങ്കുകള്‍ തിരിച്ച് വരാന്‍ തുടങ്ങി. സി.പി.ഐ.എമ്മിനും സന്തോഷിക്കാമല്ലോ. ഈ രണ്ട് നേതാക്കന്മാരും അത്യാവശ്യം വേണമെങ്കില്‍ വോട്ട് മറിച്ചു കൊടുക്കുകയും ചെയ്യുമല്ലോ. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ചെയ്ത പോലെ.

യു.ഡി.എഫ് ബി.ജെ.പി എന്ന് പറയും. പക്ഷെ ഈ രണ്ട് വിദ്വാന്മാരാണ് വോട്ട് മറിക്കുന്നത് എന്നത് നാട്ടില്‍ പാട്ടാണ്. അതുകൊണ്ട് ഈ രണ്ട് പേര്‍ ഉള്ളിടത്തോളം കാലം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി നിലം തൊടില്ല എന്ന കാര്യത്തില്‍ സംശയമില്ല.

പിന്നെ എസ്. ജയശങ്കര്‍ അദ്ദേഹത്തിന് രാഷ്ട്രീയം എന്താണ് എന്നുകൂടി അറിയില്ല. വിദേശ കാര്യ സെക്രട്ടറിയായി നിന്നിട്ട് മന്ത്രിയായ വ്യക്തിയാണ്. ഇങ്ങനത്തെ നാടകങ്ങളൊക്കെ ഇനിയും ഉണ്ടാകും. അതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ല.

Related Stories

No stories found.
The Cue
www.thecue.in