ടി.പി വധക്കേസ് അന്വേഷണം ഉന്നതരിലേക്ക് എത്തുന്നതില്‍ ജഡ്ജി പോലും ഭയന്നിരുന്നു: കെ.കെ രമ

ടി.പി വധക്കേസ് അന്വേഷണം ഉന്നതരിലേക്ക് എത്തുന്നതില്‍ ജഡ്ജി പോലും ഭയന്നിരുന്നു: കെ.കെ രമ

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം ഉന്നതരിലേക്ക് എത്തുന്നതില്‍ ജഡ്ജിക്ക് പോലും ഭയമുണ്ടായിരുന്നെന്ന് കെ. കെ രമ എം.എല്‍.എ. ടി.പി വധക്കേസുമായി ബന്ധപ്പെട്ട് ഉന്നതരിലേക്ക് എത്തുന്ന കോള്‍ വിവരങ്ങള്‍ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു എന്നും എന്നാല്‍ അന്വേഷണം എവിടെയും എത്തിയില്ലെന്നും രമ പറഞ്ഞു. മീഡിയ വണ്‍ എഡിറ്റോറിയലിലായിരുന്നു രമയുടെ പ്രതികരണം.

ടി.പി വധത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും അറിവുണ്ടായിരുന്നു എന്നാണ് താന്‍ കരുതുന്നതെന്നും രമ പറഞ്ഞു. ടി.പി കേസ് വാദിക്കാന്‍ സുപ്രീംകോടതിയുടെ പ്രശസ്തനായ ഏതെങ്കിലും ഒരു ക്രിമിനല്‍ വക്കീലിനെ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ അനുവദിക്കണമെന്നും രമ ആവശ്യപ്പെട്ടു.

'സുപ്രീംകോടതിയുടെ ഏതെങ്കിലും പ്രശസ്തനായ ക്രിമിനല്‍ വക്കീലിനെ ഞങ്ങള്‍ക്ക് പ്രോസിക്യൂട്ടറായി അനുവദിക്കണം എന്നാണ് അപേക്ഷ. ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീം കേസ് അന്വേഷിച്ചിരുന്നു. ഫോണ്‍കോള്‍ വിവരങ്ങള്‍ ഉള്‍പ്പെടെ അന്ന് അവര്‍ക്ക് കിട്ടിയിരുന്നു. എന്നിട്ട് ആ അന്വേഷണം പിന്നീട് വെറും പുകയായി മാറി.

ആ അന്വേഷണ റിപ്പോര്‍ട്ട് ഒരിടത്തും എത്തിയില്ല. കോടതിയില്‍ സമര്‍പ്പിച്ചില്ല, ഒന്നും ചെയ്തില്ല. ഒരു പ്രഹസനത്തിന് വേണ്ടി അങ്ങനെ ഒരു അന്വേഷണം എന്തിനായിരുന്നു?

കേരളത്തിലെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരിക്കുന്ന ആളുകള്‍ക്ക് ഉന്നതരിലേക്ക് അന്വേഷണം എത്തുന്നതിനോ, അവരെ ഏതെങ്കിലും തരത്തില്‍ ഇതിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനോ ഭയമുണ്ട് എന്നുതന്നെയാണ് കരുതുന്നത്. ജഡ്ജിക്ക് പോലും ഭയമുണ്ടെന്ന് പ്രതീക്ഷിക്കുന്നത്,' കെ.കെ രമ പറഞ്ഞു.

കേസില്‍ സി.ബി.ഐയെ സമീപിക്കണമെന്നും തങ്ങള്‍ക്ക് കേസ് മുന്നോട്ട് കൊണ്ടു പോകുന്നതില്‍ ചില പ്രയാസങ്ങള്‍ ഉണ്ടെന്നും പ്രധാനപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പ് തന്നോട് പറഞ്ഞിട്ടുണ്ടെന്നും കെ.കെ രമ പറഞ്ഞു.

സി.പി.ഐ.എം നേതാവ് പി. മോഹനന്‍ വരെയുള്ള ആളുകളിലേക്കേ കേസിന്റെ അന്വേഷണം എത്തിയുള്ളു എന്നും അവര്‍ അന്വേഷിച്ച പി. മോഹനന്റെ കോള്‍ ലിസ്റ്റ് എടുക്കാന്‍ ശ്രമിച്ചെങ്കിലും വലിയ സമ്മര്‍ദ്ദം മൂലം മുന്നോട്ട് പോയില്ലെന്നും കെ.കെ രമ പറഞ്ഞു.

ടി.പിയുടെ കൊലപാതകത്തില്‍ അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് അറിവുണ്ടായിരുന്നു എന്നും കെ.കെ രമ പറയുന്നു. ഒഞ്ചിയം പോലുള്ള പ്രദേശത്ത് നിന്ന് ആളുകള്‍ പാര്‍ട്ടി വിടുന്നത് സി.പി.ഐ.എമ്മിന് പ്രശ്‌നമായിരിക്കും. ഇത് അവസാനിപ്പിക്കണം എന്ന് പിണറായി പറഞ്ഞിട്ടുണ്ടാകും എന്നും കെ.കെ രമ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in