ആര്‍. ശ്രീലേഖ പണക്കാരന്റെ കയ്യിലെ ചട്ടുകം; സര്‍ക്കാര്‍ അതിജീവിതക്കൊപ്പം നിന്ന് ഗൂഢാലോചന പുറത്തുകൊണ്ടുവരണം: കെ.അജിത

ആര്‍. ശ്രീലേഖ പണക്കാരന്റെ കയ്യിലെ ചട്ടുകം; സര്‍ക്കാര്‍ അതിജീവിതക്കൊപ്പം നിന്ന് ഗൂഢാലോചന പുറത്തുകൊണ്ടുവരണം: കെ.അജിത

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ മുന്‍ ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖ ഐ.പി.എസിനെതിരെ സാമൂഹിക പ്രവര്‍ത്തക കെ അജിത. പണക്കാരന്റെ കയ്യിലെ ചട്ടുകമായി ശ്രീലേഖ മാറിയെന്നാണ് വിമര്‍ശനം.

സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം നിന്നുകൊണ്ട് കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ഉയര്‍ന്ന റാങ്കില്‍ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥയില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ശ്രീലേഖയില്‍ നിന്ന് ഉണ്ടായതെന്നും അജിത കുറ്റപ്പെടുത്തി.

ശ്രീലേഖയുടെ വാദത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഡബ്ല്യു.സി.സി അംഗം ദീദി ദാമോദരന്‍, മനുഷ്യാവകാശ പ്രവര്‍ത്തക കെ അജിത, ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ആര്‍ ശ്രീലേഖയുടെ പരാമര്‍ശത്തെ തള്ളി രംഗത്തെത്തി.

ശ്രീലേഖയെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘവും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ശ്രീലേഖ ഐ.പി.എസ് രംഗത്തെത്തിയത്. ദിലീപ് മറ്റൊരാളുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പ് ആണ്. അത് മറ്റൊരു ഉദ്യോഗസ്ഥന്‍ തന്നെ സമ്മതിച്ചതാണെന്നും ശ്രീലേഖ. ജയിലില്‍ നിന്നും മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് സുനി അല്ല എഴുതിയത്. സഹ തടവുകാരന്‍ വിപിനാണ് കത്തെഴുതിയത്. ഇയാള്‍ ജയിലില്‍ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസ് പറഞ്ഞിട്ടാണ് അത്തരമൊരു കത്ത് എഴുതിയതെന്നും ശ്രീലേഖ പറയുന്നു.

ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും ദിലീപ് നിരപരാധിയാണെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നുമാണ് ശ്രീലേഖയുടെ അവകാശ വാദം. പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും ശ്രീലേഖ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in