'സി.പി.എമ്മിന്റെ അസഹിഷ്ണുതയും അക്രമണോല്‍സുകതയും അസത്യപ്രചരണവും നേരിട്ട് അനുഭവിച്ച ദിവസം'; ജ്യോതി രാധിക വിജയകുമാര്‍

'സി.പി.എമ്മിന്റെ അസഹിഷ്ണുതയും അക്രമണോല്‍സുകതയും അസത്യപ്രചരണവും നേരിട്ട് അനുഭവിച്ച ദിവസം'; ജ്യോതി രാധിക വിജയകുമാര്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചെങ്ങന്നൂരിലെത്തിയപ്പോള്‍ സി.പി.എം പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായത് മോശം പെരുമാറ്റമെന്ന് കെ.പി.സി.സി സെക്രട്ടറി ജ്യോതി രാധിക വിജയകുമാര്‍. സി.പി.എമ്മിന്റെ അസഹിഷ്ണുതയും അക്രമണോല്‍സുകതയും അസത്യപ്രചരണവും നേരിട്ട് അനുഭവിച്ച ദിവസമായിരുന്നു അതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജ്യോതി പറയുന്നു.

സി.പി.എം പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞുവെക്കുകയായിരുന്നുവെന്നും, അനുവാദമില്ലാതെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തിയെന്നും, ഭീഷണിപ്പെടുത്തിയെന്നും പോസ്റ്റില്‍ ആരോപണമുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, എന്നിവയ്ക്ക് കീഴിലുള്ള വകുപ്പുകള്‍ അനുസരിച്ചു അന്വേഷണം നടത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കു നേരിട്ടെത്തി പരാതി നല്‍കിയതായും ജ്യോതി പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

1996 -ല്‍ കോളേജില്‍ ഇലക്ഷന് നിന്ന സമയം ചെറിയ അളവില്‍ എസ്എഫ്‌ഐയില്‍ നിന്ന് നേരിടേണ്ടി വന്നതൊഴിച്ചാല്‍ സിപിഎം ന്റെ അസഹിഷ്ണുതയും ആക്രമണോല്‍സുകതയും അസത്യപ്രചരണവും നേരിട്ടനുഭവിച്ച ദിവസമായിരുന്നു ഇന്നലെ. അത് കുറിയിട്ടതിന്റെ പേരില്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ആര്‍ എസ് എസ്-കാരനാണെന്നു പറഞ്ഞു പ്രചരിപ്പിച്ചു വര്‍ഗീയമായി ജനങ്ങളെ വിഭജിച്ചു വോട്ടുകള്‍ നേടി വിജയിച്ച, തെരഞ്ഞെടുപ്പ് ദിവസം നടന്ന കെവിന്‍ കൊലപാതകം ആളുകളിലെത്താതിരികാകന്‍ വേണ്ടി നിയോജകമണ്ഡലത്തിലെ കേബിള്‍ കണക്ഷനെല്ലാം കട്ട് ചെയ്ത ചെങ്ങന്നൂരിലായതു യാദൃശ്ചികതയുമല്ല.

പുറത്തുള്ള പൊതുപരിപാടികള്‍ അവസാനിച്ച ശേഷം തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ദിവസങ്ങളായ ഇന്നലെയും മിനിഞ്ഞാന്നും താമസിക്കുന്ന പഞ്ചായത്തിലെ മിക്കവാറും എല്ലാ വാര്‍ഡുകളിലെയും സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം വീട് കയറുകയായിരുന്നു. ദൂരേക്കുള്ള യാത്രകളില്‍ സംഘാടകര്‍ വന്നു കൂട്ടിക്കൊണ്ടുപോകുന്നതൊഴിച്ചാല്‍ മിക്കവാറും എല്ലായിടങ്ങളിലും രാത്രിയും പകലും ഒറ്റയ്ക്കാണ് വണ്ടിയോടിച്ചു പോകുന്നത്. ഇന്നലെ വൈകുന്നേരം ഏകദേശം ഏഴരയ്ക്ക് ദിവസം മുഴുവന്‍ വീട് കയറിയ ശേഷം അടുത്തുള്ള വാര്‍ഡിലെ സ്ഥാനാര്‍ഥി ആവശ്യപ്പെട്ടതനുസരിച്ചാണ് കുറച്ചടുത്തുള്ള സ്വന്തം പഞ്ചായത്തിലെ ഒരു പ്രദേശത്തെത്തിയത്. അവിടെയുള്ള കോളനിക്കുള്ളിലേക്കു വണ്ടി ഏതാനും മീറ്ററുകള്‍ കയറിയപ്പോഴേക്കും അവിടെയുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്ന് ഇറങ്ങേണ്ട, തിരിച്ചു പൊയ്‌ക്കോളൂ, സ്ഥാനാര്‍ഥി വന്നു കയറാതെ പോയി എന്ന് പറഞ്ഞു. വണ്ടിയില്‍ നിന്നിറങ്ങാതെ കാര്യം എന്താണ് എന്ന് അന്വേഷിച്ചപ്പോള്‍ ആ പ്രദേശത്തുള്ള സിപിഎം പ്രവര്‍ത്തകര്‍ ഇറങ്ങാന്‍ സമ്മതിക്കില്ല, അവിടെ കയറാന്‍ പറ്റില്ല എന്ന് പറഞ്ഞു.

അവസാനഘട്ടതെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവിടെ എത്തിയത് ചട്ടലംഘനമല്ല എന്നറിയാമായിരുന്നെങ്കിലും അറിയാത്ത എന്തെങ്കിലും നിബന്ധന ഉണ്ടോ എന്നുറപ്പില്ലാതിരുന്നതിനാല്‍ വണ്ടി തിരിച്ചു മടങ്ങാന്‍ തുടങ്ങി. അപ്പോഴാണ് ആ വാര്‍ഡിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ (പിന്നീട് അന്വേഷിച്ചു മനസ്സിലാക്കിയതനുസരിച്ചു )ഞങ്ങള്‍ പാര്‍ട്ടിക്കാരാണെന്നു പറഞ്ഞു മുപ്പതോളം പേര് വണ്ടിക്കു ചുറ്റും കൂടുകയും ബഹളം വയ്ക്കുകയും ചിലര്‍ ഫോട്ടോയും വീഡിയോയും എടുത്തു കോണ്‍ഗ്രസിന്റെ സെക്രട്ടറി കാശുമായി വന്നതാണെന്നും അവിടെത്തിയ വീഡിയോ അങ്ങനെ പറഞ്ഞു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും എന്ന് ഭീഷണിയുടെ സ്വരത്തില്‍ പറയുകയും ചെയ്തത്. . സഹിക്കാന്‍ പറ്റുന്നതിനപ്പുറത്തായിരുന്നു ആ ആരോപണം.

അപ്പോള്‍ വണ്ടിയില്‍ നിന്നിറങ്ങി നിന്ന് അവിടെ വന്നത് ചട്ടലംഘനമാണെങ്കില്‍ പരാതി കൊടുത്തോളു എന്നും അതിന്റെ ശിക്ഷ നേരിട്ടോളം എന്നും അവരോടു പോലീസിനെ വിളിച്ചു വണ്ടി സെര്‍ച്ച് ചെയ്യിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അത് ചെയ്യാതെ, അടിസ്ഥാനപരമായ ആരോപണം പിന്‍വലിക്കാതെ അവിടുന്ന് മടങ്ങുകയില്ലെന്നു പറഞ്ഞു. അപ്പോഴേക്കും ആളുകള്‍ കൂടുകയും ആറേഴു മൊബൈല്‍ ഫോണുകളിലായി ചുറ്റും നിന്ന് വീഡിയോ റെക്കോര്‍ഡിങ് നടത്തുകയുമായിരുന്നു.

ആക്രമണോല്‌സുകതയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയ ഒരു കൂട്ടം ആളുകളെ ഒറ്റയ്ക്ക് നിന്നെതിര്‍ക്കുക അത്ര സുഖകരമായ ഒരനുഭവമായിരുന്നില്ല; ഞങ്ങള്‍ പോകാന്‍ പറഞ്ഞിട്ടും വണ്ടിയില്‍ നിന്നിറങ്ങിയ, തന്റേടിയായ, ആണുങ്ങള്‍ പറയുന്നത് കേള്‍ക്കാത്ത സ്ത്രീ എന്നതുള്‍പ്പെടെ കുറെ അധിക്ഷേപം കൂടി കേട്ടപ്പോള്‍. ഇപ്പോഴും ആ അനുഭവമേല്പിച്ച അസ്വസ്ഥത മനസ്സിലുണ്ട്. അല്പം ഉറക്കെത്തന്നെ ശക്തമായി തിരിച്ചു സംസാരിച്ചു, മാന്യമായിത്തന്നെ. അനുവാദമില്ലാതെ എടുത്ത ഫോട്ടോസ്, വീഡിയോസ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു..സത്യമല്ലാത്ത ആരോപണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു..ചെയ്തില്ല..അപ്പോഴേക്കും എന്റെ ശാരീരികമായ സുരക്ഷ അപകടത്തിലാകും എന്ന ആശങ്ക കൊണ്ടും തെരെഞ്ഞെടുപ്പ് തലേന്ന് അതൊരു വലിയ പ്രശ്‌നമായി മാറും എന്നതുകൊണ്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മടങ്ങാനാവശ്യപ്പെട്ടു, നിര്‍ബന്ധപൂര്‍വം.. അവസാനം ഏകദേശം അര മണിക്കൂറിനു ശേഷം അതേ വണ്ടിയില്‍ മടങ്ങി.

വീട്ടിലെത്തി, ഇന്നലെ രാത്രിയും ഇന്നുമായി ലഭ്യമായ എല്ലാ സോഴ്‌സുകളിലും അന്വേഷിച്ചു പാര്‍ട്ടിയുടെ ഔദ്യോഗിക ചുമതലയുള്ള ഒരു വ്യക്തിയെന്ന നിലയില്‍ അവിടെ പോയതില്‍ ഏതെങ്കിലും ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നുറപ്പാക്കി. ഇല്ല എന്ന കൃത്യമായ ഉത്തരം തന്നെ കിട്ടി. അതിനു ശേഷം, ഇന്ന് വൈകിട്ട്, ഒറ്റയ്ക്ക് വന്ന ഒരു വ്യക്തിയെ തടഞ്ഞു വച്ചതിനും സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനും അധിഷേപിച്ചതിനും അനാവശ്യ ആരോപണം ഉന്നയിച്ചതിനും അനുവാദമില്ലാതെ ഫോട്ടോ, വീഡിയോ എടുത്തത്തിനും അവ നവമാധ്യമങ്ങളിലൂടെ ദുരുപയോഗം ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയതിനും ഇന്ത്യന്‍ ശിക്ഷാ നിയമം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, എന്നിവയ്ക്ക് കീഴിലുള്ള വകുപ്പുകള്‍ അനുസരിച്ചു അന്വേഷണം നടത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കു നേരിട്ടെത്തി പരാതി നല്‍കി. ചട്ടലംഘനം നടന്നിട്ടില്ല എന്നത് പോലീസില്‍ നിന്നും ഒരിക്കല്‍ കൂടി ഉറപ്പു വരുത്തി...നാളെ തുടര്‍നടപടികളുമായി മുന്‍പോട്ടു പോകുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഇത് ജനാധിപത്യ സമൂഹമാണ്. ഇവിടെ ഓരോ വ്യക്തിക്കും അവനവന്റെ ശരികളനുസരിച്ചു ജീവിക്കാനും രാഷ്ട്രീയപ്രവര്‍ത്തനം നടത്താനുമുള്ള സ്വാതന്ത്ര്യമുണ്ട്. സുതാര്യമായ, ആശയാധിഷ്ഠിതമായ, പ്രതിപക്ഷബഹുമാനവും സത്യസന്ധതയുമുള്ള രാഷ്ട്രീയപ്രവര്‍ത്തനത്തിലാണ് വിശ്വസിക്കുന്നത്. മറിച്ചുള്ള; അസഹിഷ്ണുതയുടെ, അസത്യപ്രചരണത്തിന്റെ ഒരു രാഷ്ട്രീയ സംസ്‌കാരത്തെ ആരില്‍ നിന്നായാലും അംഗീകരിക്കാനാവില്ല. ഭയപ്പെടുത്താന്‍, ഭീഷണിപ്പെടുത്താന്‍, ഏതു രാഷ്ട്രീയപ്രസ്ഥാനം ശ്രമിച്ചാലും, അത് ആര്‍എസ്എസ് - ബിജെപി ആയാലും സിപിഎം ആയാലും ഭയപ്പെടില്ല, ഭീഷണിക്കും സമ്മര്‍ദ്ദത്തിനും വഴങ്ങില്ല...

കഴിഞ്ഞ വര്‍ഷം ആര്‍എസ്എസുമായി ബന്ധപ്പെട്ടു പുലിയൂര്‍ ക്ഷേത്രത്തില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ചു ഫേസ്ബുക്കില്‍ എഴുതിയതിനു ശേഷമുള്ള അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ പറയട്ടെ:

ഈ പോസ്റ്റിന്റെ പേരില്‍ സൈബര്‍ ആക്രമണവും അധിക്ഷേപവും നടന്നാല്‍ അത് ചെയ്യുന്ന ഓരോ വ്യക്തിക്കെതിരെയും കൃത്യമായ നിയമനടപടികളുമായി മുന്‍പോട്ടു പോകും..

നിലനില്‍ക്കുന്നത് ധൈര്യത്തോടെ, സ്വന്തം ബോധ്യങ്ങളനുസരിച്ചു ഉത്തരവാദിത്വങ്ങളോട് കഴിയുന്നത്ര നീതി പുലര്‍ത്തി ജീവിക്കാനാണ്; വ്യക്തി ജീവിതമായാലും ഔദ്യോഗിക ജീവിതമായാലും രാഷ്ട്രീയപ്രവര്‍ത്തനമായാലും..ആരെയും ഭയപ്പെട്ടു, പേടിച്ചു, സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി, അനീതിയോടും അസഹിഷ്ണുതയോടും അനുരഞ്ജനപ്പെട്ടു ജീവിക്കാനല്ല; പ്രത്യേകിച്ചും സ്ത്രീയായതു കൊണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in