കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് കഠ്ജു, ഓരോ തുള്ളി ചോരയ്ക്കും വരുംദിവസം മറുപടി പറയേണ്ടിവരുമെന്ന് സ്റ്റാലിന്‍

കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് കഠ്ജു, ഓരോ തുള്ളി ചോരയ്ക്കും വരുംദിവസം മറുപടി പറയേണ്ടിവരുമെന്ന് സ്റ്റാലിന്‍

പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി കാമ്പസുകളിലും പുറത്തും നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനെതിരെ ഐക്യദാര്‍ഡ്യവുമായി കൂടുതല്‍ പ്രമുഖര്‍ രംഗത്തെത്തുകയാണ്. ഡല്‍ഹി ജാമിയ മില്ലിയ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്റെ വീഡിയോ പങ്കിട്ട് കാത്തിരുന്ന വിപ്ലവമാണെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഠ്ജു. 'ധീരരായ സഹോദരിമാര്‍ക്ക് അഭിവാദ്യങ്ങള്‍, എനിക്ക് ഉറപ്പുണ്ട്, കാത്തിരുന്ന വിപ്ലവം സമാഗതമായിരിക്കുകയാണ്.' എന്നാണ് കഠ്ജു ട്വീറ്റ് ചെയ്ത്. പൊലീസിനോട് ചെറുത്ത് നിന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥിനികളുടെ വീഡിയോ ആണ് കഠ്ജു ട്വീറ്റ് ചെയ്തത്.

ബിജെപി സര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി പുനപരിശോധിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ചീന്തിയ ഓരോ തുള്ളി ചോരയ്ക്കും വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയേണ്ടി വരുമെന്നും ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍ പ്രതികരിച്ചു. ജാമിയ മില്ലിയയിലെയും അലിഗഡിലെയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ക്രൂരമായ പൊലീസ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഞെട്ടിച്ചുവെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

യുവാക്കള്‍ക്ക് ക്ഷമ ഉണ്ടായെന്നിരിക്കും, പക്ഷേ അതിന് പരിധിയുണ്ടെന്ന് മറന്ന് പരീക്ഷിക്കരുതെന്നാണ് എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ പ്രതികരണം. സമ്പദ് വ്യവസ്ഥ തകര്‍ന്നിരിക്കുന്നു, തൊഴില്‍ ഇല്ലാതാകുന്നു, ഇന്റര്‍നെറ്റ് വിഛേദിക്കപ്പെടുന്നു. ലൈബ്രറിയില്‍ പോലീസിനെ അയക്കുന്നു എന്ന് കൂടി ചേതന്‍ ഭഗതിന്റെ ട്വീറ്റിലുണ്ട്.

ജാമിയ മില്ലിയ പൊലീസ് ഭീകരതക്കെതിരെ ഞായറാഴ്ച രാത്രി മുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. രാജ്യത്തെ വിവിധ കാമ്പസുകളും പ്രതിഷേധം ഏറ്റെടുത്തിട്ടുണ്ട്. ജാമിയ മില്ലിയ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഡ്യവുമായി കേരളത്തിലും വിവിധ സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു. രാജ്യത്തെ രക്ഷിക്കൂ, ഭരണഘടനയെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി ജാമിയ ഗേറ്റിന് മുന്നില്‍ ഷര്‍ട്ടൂരി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in