മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു അന്തരിച്ചു 

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു അന്തരിച്ചു 

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു അന്തരിച്ചു. 54 വയസ്സായിരുന്നു. കരള്‍ സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തത്സമയം പത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററായി പ്രവര്‍ത്തിച്ചു വരുമ്പോഴാണ് വിയോഗം. സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും ദേശാഭിമാനി പത്രാധിപരുമായിരുന്ന ഐ വി ദാസിന്റെ മകനാണ്. ദേശാഭിമാനിയിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്.

ദിനപത്രത്തിന്റെയും വാരികയുടെയും സഹ പത്രാധിപരായിരുന്നു. മലയാളം വാരിക അസിസ്റ്റന്റ് എഡിറ്റര്‍, മംഗളം ഡെപ്യൂട്ടി എഡിറ്റര്‍, എക്‌സിക്യുട്ടീവ് എഡിറ്റര്‍, ലെഫ്റ്റ് ബുക്‌സ് മാനേജിങ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ രണഗാഥ, സായാഹ്നം, പടഹം തുടങ്ങിയ സായാഹ്ന പത്രങ്ങളിലും പ്രവര്‍ത്തിച്ചു.

അണ്‍ എയ്ഡഡ് കോളജുകളില്‍ അധ്യാപകനുമായിരുന്നിട്ടുമുണ്ട്. കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും എന്ന പുസ്തകം രചിച്ച അദ്ദേഹം വന്ദന ശിവയുടെ വാട്ടര്‍ വാര്‍സ്, ജലയുദ്ധങ്ങള്‍ എന്ന പേരില്‍ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയുടെ അണ്ടര്‍ ഗ്രാജ്വേറ്റ് ബോര്‍ഡ് ഓഫ്‌ സ്റ്റഡീസ് ജേര്‍ണലിസം ,അംഗമായി പദവി വഹിച്ചിട്ടുണ്ട്. അമ്മ : സുശീല, ഭാര്യ : ലത, മക്കള്‍: അക്ഷയ്‌(സിവിൽ സർീവീസ്‌ കോച്ചിങ്‌ വിദ്യാർഥി), നിരഞ്ജന (പ്ലസ്‌വൺ വിദ്യാർഥിനി). കണ്ണൂർ പാനൂർ മൊകേരി സ്വദേശിയായ അദ്ദേഹം വടകരയിലായിരുന്നു താമസം.

Related Stories

No stories found.
logo
The Cue
www.thecue.in