'കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിനല്ല മാധ്യമപ്രവര്‍ത്തനം', ശ്രീകണ്ഠന്‍ നായര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

'കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിനല്ല മാധ്യമപ്രവര്‍ത്തനം', ശ്രീകണ്ഠന്‍ നായര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

കേട്ടുകേള്‍വിയും കിംവദന്തികളും പ്രചരിപ്പിക്കുന്നതിനല്ല മാധ്യമപ്രവര്‍ത്തനമെന്ന് കേരള ഹൈക്കോടതി. 24 ചാനല്‍ എംഡി ശ്രീകണ്ഠന്‍ നായര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. ദൃശ്യമാധ്യമങ്ങളിലായാലും, അച്ചടിമാധ്യമങ്ങളിലായാലും ഒരിക്കല്‍ വാര്‍ത്ത നല്‍കി കഴിഞ്ഞാല്‍ പിന്നീട് തിരിച്ചെടുക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ശ്രീകണ്ഠന്‍ നായര്‍ ഷോ' പരിപാടിയിലൂടെ കൊവിഡ് 19 സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ശ്രീകണ്ഠന്‍ നായര്‍ക്കെതിരെയും ഡോ. ഷിനു ശ്യാമളനെതിരെയും കേസ് വന്നത്. ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ പരാമര്‍ശം പരിപാടിയില്‍ ഡോക്ടര്‍ ഷിനു ശ്യാമളന്‍ നടത്തി എന്നാണ് ആരോപണം.

ഐപിസി സെക്ഷന്‍ 505(1)(b), കേരള പൊലീസ് ആക്ട് 120(0) എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇരുവരും മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇരുവരും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

കേസ് പരിഗണിക്കവെ, കെട്ടിച്ചമച്ച കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതല്ല മാധ്യമപ്രവര്‍ത്തനമെന്ന് പറഞ്ഞ കോടതി, സത്യം പറയലാണ് മാധ്യമപ്രവര്‍ത്തകരുടെ പണിയെന്നും പറഞ്ഞു. 'എന്ത് പ്രസിദ്ധീകരിക്കണം, എന്ത് വേണ്ട എന്ന കാര്യത്തില്‍ വിവേകപരമായി തീരുമാനമെടുക്കാം. ഒരു വാര്‍ത്ത നല്‍കുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകര്‍ അതിന്റെ ആധികാരികത ഉറപ്പ് വരുത്തണം. ഗോസിപ്പുകള്‍ക്ക് പുറകെ മാധ്യമപ്രവര്‍ത്തകര്‍ പോകരുത്. ഒരു വ്യക്തിയുടേയോ ഒരു വിഭാഗം ജനങ്ങളുടേയോ പ്രതിച്ഛായയെ മോശമാക്കാന്‍ ഉദ്ദേശിച്ചുള്ളതാകരുത് വാര്‍ത്തകള്‍. തെറ്റായ വാര്‍ത്തകള്‍ പിന്നീട് തിരുത്തിയാലും ഖേദം പ്രകടിപ്പിച്ചാലും അത് ജനങ്ങള്‍ കണ്ടുകൊള്ളണം എന്നില്ല. അതുകൊണ്ട് വലിയ ഉത്തരവാദിത്വമാണ് ഓരോ മാധ്യമപ്രവര്‍ത്തകനുമുള്ളത്.'

ജനാധിപത്യത്തിന്റെ നട്ടെല്ലാണ് മാധ്യമങ്ങള്‍. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയേയും കേസരി ബാലകൃഷ്ണ പിള്ളയേയും പോലുള്ള മഹാരഥന്മാരുടെ പിന്‍ഗാമികളാണ് തങ്ങളെന്ന് ഓരോ ജേണലിസ്റ്റും ഓര്‍ക്കണം. ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നവരില്‍ ഒരാള്‍ സംസ്ഥാനത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്. അദ്ദേഹം സംസ്ഥാനത്തെ യുവാക്കള്‍ക്ക് വഴി കാണിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്തെ ആരോഗ്യവകുപ്പ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് നടത്തുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ചില ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ചെറിയ തെറ്റുകളും വീഴ്ചകളും സംഭവിച്ചിട്ടുണ്ടാകാം. ഇത്തരത്തിലുള്ള ഒറ്റപ്പെട്ട തെറ്റുകള്‍ ചൂണ്ടിക്കാട്ടി, അതൊരു ചര്‍ച്ചയാക്കാന്‍ ഹര്‍ജിക്കാരനായ മാധ്യമപ്രവര്‍ത്തകന് അവകാശമില്ല. അത്തരത്തില്‍ ചെയ്യുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കും. എല്ലാവരും മനുഷ്യരാണ്. ചില കാര്യങ്ങള്‍ മാത്രമെടുത്ത് ചര്‍ച്ചയാക്കുന്നത് പ്രോത്സാഹിപ്പിക്കാനാകില്ല. ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താന്‍ മാത്രമേ ഇത് സഹായിക്കൂ, ഇത് ജേണലിസമല്ല', മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in