കേസിനെപ്പറ്റി ചുക്കും ചുണ്ണാമ്പും അറിയാത്ത പ്രോസിക്യൂട്ടര്‍, അഭയ കേസ് പ്രതികളുടെ ജാമ്യത്തില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

കേസിനെപ്പറ്റി ചുക്കും ചുണ്ണാമ്പും അറിയാത്ത പ്രോസിക്യൂട്ടര്‍, അഭയ കേസ് പ്രതികളുടെ ജാമ്യത്തില്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. കേസില്‍ പ്രതികള്‍ ഹര്‍ജി നല്‍കിയിട്ടും സിബിഐ കൗണ്ടര്‍ പെറ്റീഷന്‍ പോലും നല്‍കിയില്ലെന്നും സിബിഐ കാണിച്ച അനാസ്ഥ പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണോ എന്ന് സംശയിച്ചാല്‍ തെറ്റില്ലെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍.

കോടതിയുടെ മുന്നോട്ടുള്ള വാദത്തില്‍ കേരളത്തിലുള്ള കേസില്‍ തെലങ്കാനയില്‍ നിന്നുള്ള വക്കീലിനെ കൊണ്ട് വന്നു. കേസിനെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത ഒരു വക്കീലിനെയാണ് അവതരിപ്പിച്ചത്. കോടതി ചോദിച്ച ചോദ്യത്തിനോട് പോലും മറുപടി പറയാന്‍ പറ്റിയില്ലെന്നും ജോമോന്‍ പറഞ്ഞു.

തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയുടെ വിധി മരവിപ്പിച്ചാണ് ഹൈക്കോടതി ഫാ. തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കും ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണം. സംസ്ഥാനം വിടരുത്, ജാമ്യ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം.

അപ്പീല്‍ കാലയളവില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിസ്റ്റര്‍ സ്റ്റെഫിയും ഫാദര്‍ തോമസ് കോട്ടരും ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയുടെ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകളും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.

2021 ഡിസംബര്‍ 23നായിരുന്നു കേസില്‍ വിധി പറഞ്ഞത്. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി അഭയ കേസില്‍ വിധി പറഞ്ഞത്. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും, മൂന്നാം പ്രതി സെഫിക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചത്. കേസില്‍ ശിക്ഷിക്കപ്പെട്ട കോട്ടൂരിനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കും, സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കുമാണ് മാറ്റിയത്.

ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വാക്കുകള്‍

പ്രതികള്‍ കൊടുത്ത അപ്പീലിന്മേല്‍ കൗണ്ടര്‍ ഫയല്‍ ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 16ന് ഇതേ വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് തന്നെ നിര്‍ദേശം കൊടുത്തിരുന്നു. ഈ കേസിന്റെ ഇപ്പോഴത്തെ ചുമതലയുള്ള സി.ബി.ഐ ഡി.വൈ.എസ്.പി അനന്തകൃഷ്ണനോട് ഞാന്‍ അത് പറഞ്ഞിരുന്നു. പ്രതികള്‍ കൊടുത്ത അപ്പീലില്‍ കൗണ്ടര്‍ പോലും സി.ബി.ഐ ഫയല്‍ ചെയ്തിട്ടില്ല. കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ പ്രതികള്‍ക്ക് ജാമ്യം കൊടുക്കുന്ന പ്രശ്‌നമേയില്ല എന്ന് കോടതി പറഞ്ഞതാണ്. ആ കോടതിയുടെ മുന്നോട്ടുള്ള വാദത്തില്‍ കേരളത്തിലുള്ള കേസില്‍ തെലങ്കാനയില്‍ നിന്നുള്ള വക്കീലിനെ കൊണ്ട് വന്നു. കേസിനെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്ത ഒരു വക്കീലിനെയാണ് അവതരിപ്പിച്ചത്. കോടതി ചോദിച്ച ചോദ്യത്തിനോട് പോലും മറുപടി പറയാന്‍ പറ്റിയില്ല. അപ്പോള്‍ സി.ബി.ഐ കരുതിക്കൂട്ടി തന്നെ പ്രതികള്‍ക്ക് ജാമ്യം കിട്ടാനുള്ള നിലപാട് സ്വീകരിച്ചു എന്ന് പറയേണ്ടി വരും. കഴിഞ്ഞ ഒരു വര്‍ഷമായി ഹൈക്കോടതിയില്‍ സിബിഐയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിനെ നിയമിച്ചിട്ടില്ല. അപ്പോള്‍ അഭയകേസിലെ പ്രതികള്‍ക്ക് ജാമ്യം കിട്ടാനും രക്ഷപ്പെട്ട് പോകാനും വേണ്ടി സഹായിച്ചതാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ ആവില്ല.

കോടതിയിലെ വാദത്തില്‍ കോടാലിയാണോ കൈക്കോടാലിയാണോ എന്ന തര്‍ക്കമാണ് പ്രതിഭാഗം ഉന്നയിച്ചത്. പ്രതിഭാഗം അഭിഭാഷകനായ രാമന്‍പിള്ള പറയുകയുണ്ടായി, അഭയ ആത്മഹത്യ ചെയ്തതാണെന്ന്. അതേ ആള്‍ തന്നെ പറയുകയാണ് അഭയയെ കൊലപ്പെടുത്തിയത് കോടാലി കൊണ്ടല്ല, കൈക്കോടാലി കൊണ്ടാണെന്ന്. അതായത് പ്രതിഭാഗം വക്കീല്‍ തന്നെ രണ്ട് സ്റ്റാന്‍ഡ് എടുക്കുന്നു. അതെങ്കിലും സി.ബി.ഐ അഭിഭാഷകന് ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പോരെ. അപ്പോള്‍ ഈ കേസിന്റെ അപ്പീലിലേക്കോ മെറിറ്റിലേക്കോ പോകാതെ പ്രതികള്‍ക്ക് ജാമ്യം കൊടുക്കേണ്ടതുണ്ടോ ഇല്ലയോ എന്ന കാര്യം മാത്രം കേട്ടാണ് വിധി പറഞ്ഞിട്ടുള്ളത്.

സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന്റെ ചുമതല കൊടുത്തിരിക്കുന്നത് കേരള ഹൈക്കോടതിയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനുവാണ്. അദ്ദേഹം ഹൈക്കോടതിയുടെ പാനലില്‍ ഉള്‍പ്പെട്ട് കിടക്കുകയാണ്. തെലങ്കാനയില്‍ നിന്ന് ഭാഷ അറിയാത്ത ഒരാളെ കൊണ്ട് വന്ന് വാദിച്ചതാണ് പ്രതികള്‍ക്ക് ജാമ്യം കിട്ടാന്‍ കാരണമായത്.

Related Stories

No stories found.
logo
The Cue
www.thecue.in