'ഈശോ' വിവാദം ഏറ്റെടുത്ത് കേരള കോണ്‍ഗ്രസ് എം; മതങ്ങളെ വേദനിപ്പിച്ചാവരുത് സിനിമകളെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ

'ഈശോ' വിവാദം ഏറ്റെടുത്ത് കേരള കോണ്‍ഗ്രസ് എം; മതങ്ങളെ വേദനിപ്പിച്ചാവരുത് സിനിമകളെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ

നാദിര്‍ഷയുടെ സംവിധാനത്തിലൊരുങ്ങുന്ന ഈശോ സിനിമയ്‌ക്കെതിരായ വിവാദം ഏറ്റെടുത്ത് കേരള കോണ്‍ഗ്രസ് എമ്മും. ഒരു മതത്തെയും വേദനിപ്പിച്ചാവരുത് സിനിമകളെന്ന് ചങ്ങനാശേരി എംഎല്‍എ അഡ്വ. ജോബ് മൈക്കിള്‍ പറഞ്ഞു.

സിനിമയ്‌ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവനാമം ദുരുപയോഗം ചെയ്യുന്ന സിനിമകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധം. സിനിമ നിരോധിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഈശോ എന്ന സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഒരു വിഭാഗം ക്രൈസ്തവ സംഘടനകള്‍ രംഗത്തെത്തിയത്. സിനിമ യേശുവിനെയും ക്രിസ്ത്യന്‍ വിശ്വാസത്തെയും അവഹേളിക്കുന്നുവെന്നാണ് ഇവരുടെ വാദം. ജനപക്ഷം നേതാവ് പി.സി ജോര്‍ജ്ജും ഇതേ ആവശ്യവുമായി രംഗത്ത് വന്നിരുന്നു. സിനിമയുടെ പേര് മാറ്റില്ലെന്നാണ് സംവിധായകന്‍ നാദിര്‍ഷയുടെ നിലപാട്.

ഈശോ വിവാദവുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭയുട ഔദ്യോഗിക നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ സിബി മലയില്‍ രംഗത്തെത്തിയിരുന്നു.

കത്തോലിക്കാ സഭയുടെ ഔദ്യോഗിക നിലപാട് ലജ്ജിപ്പിക്കുന്നതാണെന്നും വ്യക്തിപരമായി ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ അതില്‍ വിഷമമുണ്ടെന്നുമായിരുന്നു സിബി മലയില്‍ ദ ക്യൂവിനോട് പറഞ്ഞത്. ക്രിസ്തുവിനെ പിന്തുടരാനാണ് പറഞ്ഞത് അല്ലാതെ സംരക്ഷിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in