വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ആസൂത്രണവും ആഹ്വാനവും, ആക്രമികളെ തൊടാതെ പൊലീസ്, ജെഎന്‍യു ഗുണ്ടാആക്രമണം കൃത്യമായ പദ്ധതിയോടെ

വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ആസൂത്രണവും ആഹ്വാനവും, ആക്രമികളെ തൊടാതെ പൊലീസ്, ജെഎന്‍യു ഗുണ്ടാആക്രമണം കൃത്യമായ പദ്ധതിയോടെ

ഡല്‍ഹി ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഭീകരത സൃഷ്ടിച്ച് മാരകായുധങ്ങളുമായെത്തി നടന്ന മുഖംമൂടി ആക്രമണം ആസൂത്രിതമെന്ന് സൂചന നല്‍കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്ത്. യൂണിറ്റി എഗയിന്‍സ്റ്റ് ലെഫ്റ്റ് എന്ന ഗ്രൂപ്പിലെ സന്ദേശങ്ങളിലാണ് ആക്രമികള്‍ക്ക് എത്താനുള്ള വഴികളും കാമ്പസിനകത്ത് നിന്ന് കൃത്യമായ നിര്‍ദേശങ്ങളും പുറത്തായിരിക്കുന്നത്. വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ഒരു നമ്പര്‍ ജെഎന്‍യുവിലെ എബിവിപി പ്രവര്‍ത്തകനായ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുടേതാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരമൊരു സന്ദേശം ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിട്ടില്ലെന്നും നമ്പര്‍ ദുരുപയോഗിച്ചതാണെന്നുമാണ് ഇദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

രാജ്യതലസ്ഥാനത്തെ പ്രധാന സര്‍വകലാശാലയായ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ് ഇത്രയും ഭീകരമായ ആക്രമണം. ലെഫ്റ്റ് ടെറര്‍ ഡൗണ്‍ ഡൗണ്‍ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങളും ആക്രമണം ആസൂത്രിതമെന്ന് സൂചന നല്‍കുന്നതാണ്. ജെ എന്‍ യുവില്‍ രസിക്കാനുള്ള വകയുണ്ട് എന്ന തരത്തിലാണ് മെസേജുകള്‍.

ജെഎന്‍യു കാമ്പസിലെ ഇടത് വിദ്യാര്‍ത്ഥികളെ നേരിടാന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളാണ് കാമ്പസിലേക്കുള്ള വഴികളെ കുറിച്ച് സൂചന നല്‍കുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ കൂടുതലും ഉള്ളത്. കാമ്പസിന് പുറത്ത് പൊലീസ് നിലയുറിപ്പിച്ചിരിക്കേ കാമ്പസിനകത്ത് മാരകായുധങ്ങളുമായി ആക്രമികള്‍ അഴിഞ്ഞാടിയത് പൊലീസിനെതിരെയും സര്‍വകലാശാല അധികൃതര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ഫീസ് വര്‍ധനക്കെതിരെ സമരം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കഴിഞ്ഞ ദിവസം കാമ്പസില്‍ കയ്യേറ്റമുണ്ടായിരുന്നു.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഓയ്ഷി ഘോഷിന് നേരെ മാരകമായ ആക്രമണമാണ് ഉണ്ടായത്. പ്രൊഫസര്‍ സുപരിത സെന്നിനും സാരമായ പരുക്കേറ്റിട്ടുണ്ട്. ഓയ്ഷി ഘോഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ് എബിവിപി പ്രവര്‍ത്തകര്‍ തടഞ്ഞതായും ആരോപണമുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in