ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്ന് ഭീഷണി, അതുകൊണ്ടൊന്നും പിറകോട്ടില്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍

ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്ന് ഭീഷണി, അതുകൊണ്ടൊന്നും പിറകോട്ടില്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍

തനിക്ക് വധഭീഷണിയുണ്ടന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചെമ്പരിക്ക ഖാസി സിഎം അബ്ദുള്ള മുസ്ലിയാരുടെ അനുഭവമുണ്ടാകുമെന്നൊക്കായാണ് ഭീഷണി. അങ്ങനെ സംഭവിച്ചാല്‍ തനിക്കെതിരെ എഴുത്തുന്നവരെ ആദ്യം പിടിച്ചാല്‍ മതിയെന്ന് തങ്ങള്‍ പറഞ്ഞു.

'ഒരു പ്രസ്ഥാനവുമായി മുന്നോട്ട് പോകുമ്പോള്‍ വലിയ പ്രയാസങ്ങള്‍ ഉണ്ടാകും. പല ഓഫറുകളും ഇപ്പോഴുണ്ട്. സി.എമ്മിന്റെ അനുഭവം ഉണ്ടാകും, മറ്റു ചിലരുടെ അനുഭവമുണ്ടാകും എന്നെല്ലാം പല വിവരമില്ലാത്തവരും വിളിച്ചു പറയുന്നുണ്ട്. ചെമ്പരിക്ക ഖാസിയ്ക്ക് സംഭവിച്ചത് പോലെ അങ്ങനെ എന്തെങ്കിലും അനുഭവം എനിക്കുണ്ടായിട്ടുണ്ടെങ്കില്‍ എന്നെക്കുറിച്ച് എഴുതുന്നവരെ പിടിച്ചാല്‍ മതി,' തങ്ങള്‍ പറഞ്ഞു.

ഭീഷണികൊണ്ടൊന്നും പിറകോട്ട് പോകുന്ന ആളല്ല താന്‍ എന്നും ധൈര്യത്തോട് കൂടി തന്നെ മുന്നോട്ട് പോകും. അങ്ങനെയാണ് മരണമെങ്കില്‍ ചിലപ്പോള്‍ അങ്ങനെയാകും. അല്ലാഹു ഈമാനോടു കൂടി മരിക്കാന്‍ തൗഫീഖ് ചെയ്യട്ടെ എന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ആനക്കയത്ത് അഖില കേരള ഫിഫ്ത് കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെമ്പരിക്ക- മംഗലാപുരം ഖാസിയും സമസ്തയുടെ മുതിര്‍ന്ന നേതാവുമായിരുന്ന സി.എം അബ്ദുള്ള മൗലവിയെ 2010 ഫെബ്രുവരി 15ന് പുലര്‍ച്ചെയായിരുന്നു കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖാസിയുടെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. മരണത്തിന് പിന്നിലെ ദൂരൂഹത അന്വേഷിക്കണമെന്ന് സമസ്തയും ആവശ്യപ്പെട്ടിരുന്നു.

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി വിടുന്നതുമായി ബന്ധപ്പെട്ട് പള്ളികള്‍ കേന്ദ്രീകരിച്ച് മുസ്ലിം ലീഗ് ആഹ്വാനം ചെയ്ത പ്രതിഷേധ സമര പരിപാടികള്‍ക്കെതിരെ സമസ്ത രംഗത്തെത്തിയിരുന്നു. സമരത്തിന് സമസ്ത ഉണ്ടാകില്ലെന്ന് പരസ്യ നിലപാടും സ്വീകരിച്ചിരുന്നു.

ഇതിന് പിന്നാലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലും മറ്റും വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെയാണ് ഭീഷണികള്‍ വരുന്നതായുള്ള തങ്ങളുടെ വെളിപ്പെടുത്തല്‍.

നേരത്തെ കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് നടത്തിയ റാലിയിലും തങ്ങള്‍ക്കെതിരെ പരോക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in