ആള്‍ക്കൂട്ട കൊലപാതങ്ങള്‍ക്കെതിരെ ബില്ല് പാസാക്കി ജാര്‍ഖണ്ഡ്; കടുത്ത എതിര്‍പ്പുമായി ബി.ജെ.പി

ആള്‍ക്കൂട്ട കൊലപാതങ്ങള്‍ക്കെതിരെ ബില്ല് പാസാക്കി ജാര്‍ഖണ്ഡ്; കടുത്ത എതിര്‍പ്പുമായി ബി.ജെ.പി

ആള്‍ക്കൂട്ട കൊലപാതകങ്ങളും അതിക്രമങ്ങളും തടയാന്‍ നിയമസഭയില്‍ ബില്ല് പാസാക്കി ജാര്‍ഖണ്ഡ്. പൗരന് ഭരണഘടന അനുവദിച്ച് നല്‍കുന്ന സ്വാതന്ത്ര്യം ഉറപ്പാക്കാനാണ് ബില്ല്. നിയമസഭയില്‍ പാസാക്കിയ ബില്‍ ഗവര്‍ണറുടെ അനുമതിക്ക് അയച്ചു. നേരത്തെ പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ നിയമസഭയില്‍ ബില്‍ പാസാക്കിയിരുന്നു.

മതം, വംശം, ജാതി, ലിംഗഭേദം, സ്ഥലം, ജനനം, ഭാഷ, ഭക്ഷണ രീതികള്‍, ലൈംഗിക ആഭിമുഖ്യം, രാഷ്ട്രീയ ബന്ധം, വംശീയത എന്നിവയുടെ അടിസ്ഥാനത്തില്‍ ആള്‍ക്കൂട്ടം സ്വമേധയാ ആസൂത്രണം ചെയ്തതോ ആസൂത്രിതമോ ആയ അക്രമം അല്ലെങ്കില്‍ കൊലപാതകം, കൊലപാതകത്തിനോ അക്രമത്തിനോ സഹായിക്കല്‍, പ്രേരണ അല്ലെങ്കില്‍ ശ്രമം എന്നിവയെയാണ് ആള്‍ക്കൂട്ടക്കൊലയായി ബില്‍ നിര്‍വചിക്കുന്നത്.

പാര്‍ലമെന്ററി കാര്യ മന്ത്രി അലംങ്കീര്‍ ആലം ആണ് ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്.

അതേ സമയം ബില്ലിനെതിരെ എതിര്‍പ്പുമായി ബി.ജെ.പി രംഗത്തെത്തി. ബില്ലില്‍ പറഞ്ഞിരിക്കുന്ന വീക്ക് അല്ലെങ്കില്‍ ദുര്‍ബല വിഭാഗത്തിന്റെ നിര്‍വചനം എന്താണ് എന്നാരാഞ്ഞായിരുന്നു ബി.ജെ.പി എം.എല്‍.എ അമിത് കുമാര്‍ രംഗത്തെത്തിയത്. ബില്ല് ആദിവാസി വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നില്ലെന്ന് ബി.ജെ.പി എം.എല്‍.എ അമര്‍ ബൗരി പറഞ്ഞു. അതേസമയം ബില്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് സി.പി.എം.എല്‍ എം.എല്‍.എ വിനോദ് സിംഗ് അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in