ടിപ്പുവും നബിയും ക്രിസ്തുവും ഭരണണഘടനയും സിലബസില്‍ നിന്ന് പുറത്ത്; കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം

ടിപ്പുവും നബിയും ക്രിസ്തുവും ഭരണണഘടനയും സിലബസില്‍ നിന്ന് പുറത്ത്; കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധം

സ്‌കൂള്‍ സിലബസില്‍ നിന്ന് ടിപ്പു സുല്‍ത്താനെയും യേശു ക്രിസ്തുവനെയും, മുഹമ്മദ് നബിയെയും കുറിച്ചുള്ള പാഠഭാഗങ്ങള്‍ വെട്ടിമാറ്റിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടി വിവാദമാകുന്നു. കൊവിഡ് 19 വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പാഠഭാഗങ്ങള്‍ പുനക്രമീകരിച്ചത്. ഇതിന്റെ പേരില്‍ ഭരണഘടനയെ കുറിച്ചുള്ള ഭാഗങ്ങളും സംസ്ഥാന ബോര്‍ഡ് സിലബസില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിജെപി സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. അഞ്ച്, പത്ത് ക്ലാസുകളിലെ പാഠഭാഗങ്ങളില്‍ നിന്ന് ടിപ്പു സുല്‍ത്താന്‍, ഹൈദരലി, മൈസൂരുവിലെ ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങള്‍ എന്നീ വിഷയങ്ങളാണ് ഒഴിവാക്കിയത്. ഏഴാം ക്ലാസുകാര്‍ക്കുണ്ടായിരുന്ന ഭരണഘടനയുടെ ഭാഗങ്ങളും, ആറാം ക്ലാസുകാരുടെ സിലബസില്‍ നിന്ന് യേശു ക്രിസ്തു, പ്രവാചകന്‍, മുഹമ്മദ് നബി എന്നിവരെ കുറിച്ചുള്ള ഭാഗങ്ങളും നീക്കം ചെയ്തവയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കൊവിഡ് പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ ഒന്നിന് അധ്യയനം ആരംഭിച്ച്, 120 പഠന ദിവസങ്ങള്‍ ലഭിക്കുന്ന രീതിയില്‍ സിലബസിലെ 30 ശതമാനം പാഠഭാഗങ്ങള്‍ വെട്ടിക്കുറക്കുകയാണ് ചെയ്തതെന്നും, 2020-21 വര്‍ഷത്തേക്ക് മാത്രമാണിതെന്നുമാണ് കര്‍ണാടക പബ്ലിക് ഇന്‍സ്ട്രക്ഷന്‍ വകുപ്പ് നല്‍കുന്ന വിശദീകരണം. ഈ ഭാഗങ്ങള്‍ പഠിപ്പിക്കാന്‍ പ്രത്യേക ക്ലാസുകളുണ്ടാകില്ലെങ്കിലും അസൈന്‍മെന്റുകള്‍ നല്‍കുമെന്നും, മാത്രമല്ല മറ്റ് ക്ലാസുകളില്‍ ഈ വിഷയങ്ങള്‍ പഠിക്കാനുണ്ടെന്നും അധികൃതര്‍ പറയുന്നു.

ടിപ്പു സുല്‍ത്താന്റെ ചരിത്രം പാഠപുസ്തകത്തില്‍ നിന്ന് നീക്കണമെന്ന് അടുത്തിടെ ബിജെപി എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിയോഗിച്ച് വിദഗ്ധ സമിതി ഈ ആവശ്യം തള്ളുകയായിരുന്നു. ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്കുള്ള പുതുക്കിയ സിലബസ് തിങ്കളാഴ്ചയാണ് കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റിയുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in