ആസാദിന്റെ ഡി.എന്‍.എ 'മോദി'ഫൈ ചെയ്യപ്പെട്ടു, രാജിയെ വിമര്‍ശിച്ച് ജയറാം രമേശ്

ആസാദിന്റെ ഡി.എന്‍.എ 'മോദി'ഫൈ ചെയ്യപ്പെട്ടു, രാജിയെ വിമര്‍ശിച്ച് ജയറാം രമേശ്

മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ വിമര്‍ശനവുമായി എം.പി ജയ്‌റാം രമേശ്. ഗുലാം നബി ആസാദിന്റെ ഡി.എന്‍.എ 'മോദി'ഫൈഡ് ആയെന്നാണ് ജയറാം രമേശ് പറഞ്ഞത്. ഈ വഞ്ചനയിലൂടെ ഗുലാം നബി ആസാദിന്റെ യഥാര്‍ത്ഥ മുഖമാണ് പുറത്തുവന്നതെന്നും ജയറാം രമേശ്.

ഏറെ ബഹുമാനത്തോടെ കോണ്‍ഗ്രസ് കണ്ട നേതാവ് ഇന്ന് ആ പാര്‍ട്ടിയെ വഞ്ചിക്കുകയും മോശം പ്രചാരണങ്ങള്‍ നടത്തുകയും ചെയ്തതിലൂടെ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖമാണ് പുറത്തുവന്നിരിക്കുന്നത്. ജിഎന്‍എ(ഗുലാം നബി ആസാദ്)യുടെ ഡി.എന്‍.എ 'മോദി'ഫൈഡ് ആയിരിക്കുന്നു,' ജയറാം രമേശ് ട്വീറ്റ് ചെയ്തു.

രാഹുല്‍ ഗാന്ധി പക്വതയില്ലാത്ത നേതാവ് എന്നതടക്കം പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദിന്റെ പടിയിറക്കം. പാര്‍ട്ടിയിലെ ഘടന തകരുകയാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

കോണ്‍ഗ്രസിലെ വിമത ഗ്രൂപ്പായ ജി-23 നേതാക്കളില്‍ പ്രധാനിയായിരുന്നു ഗുലാം നബി ആസാദ്. പാര്‍ട്ടിക്ക് മുഴുവന്‍ സമയ നേതൃത്വം വേണമെന്നും പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചും സോണിയ ഗാന്ധിക്ക് കത്തെഴുതിയ ജി-23 നേതാക്കല്‍ ഗുലാം നബി ആസാദുമുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന എ.ഐ.സി.സി പുനഃസംഘടനയില്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ആസാദിനെ നീക്കിയിരുന്നു.

അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. നേരത്തെ ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതി അധ്യക്ഷ സ്ഥാനവും ഗുലാം നബി ആസാദ് രാജിവെച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in