സമയമാകട്ടെ,ജമ്മുകശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കുമെന്ന് മോദി ; നേതാക്കളുടെ പ്രധാന നിര്‍ദേശങ്ങളോട് മുഖം തിരിച്ചു തന്നെ കേന്ദ്രം

സമയമാകട്ടെ,ജമ്മുകശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കുമെന്ന് മോദി ; നേതാക്കളുടെ പ്രധാന നിര്‍ദേശങ്ങളോട് മുഖം തിരിച്ചു തന്നെ കേന്ദ്രം

ന്യൂദല്‍ഹി: ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കുമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ ഉറപ്പു നല്‍കി പ്രധാനമന്ത്രി. ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതാക്കളുമായുള്ള യോഗത്തിലാണ് കൃത്യമായ സമയത്ത് ജമ്മുവിന് വീണ്ടും സംസ്ഥാന പദവി നല്‍കുമെന്ന് നരേന്ദ്ര മോദി ഉറപ്പു നല്‍കിയത്.

മൂന്ന് മണിക്കുറോളം നീണ്ട യോഗത്തില്‍ ജമ്മുകശ്മീരിലെ എട്ട് മുഖ്യധാര പാര്‍ട്ടികളുടെ പതിനാല് നേതാക്കളാണ് പങ്കെടുത്തത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് വൈകിപ്പിക്കില്ലെന്നും മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൃത്യമായ സമയത്ത് തന്നെ ജമ്മുകശ്മീരിന് സംസ്ഥാന പദവി നല്‍കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടി മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ട് പോകാമെന്നും രാഷ്ട്രീയ പാര്‍ട്ടികളോട് പറഞ്ഞുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജില്ലാ ഡെവലപ്‌മെന്റ് കൗണ്‍സിലില്‍ തെരഞ്ഞെടുപ്പ് നടന്നതുപോലെ നിയമസഭാ തെരഞ്ഞെടുപ്പ് വൃത്തിയായി നടത്തുക എന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം മണ്ഡല പുനര്‍നിര്‍ണയം ജമ്മുകശ്മീരില്‍ മാത്രം ധൃതിപ്പെട്ട് നടത്താനുള്ള തീരുമാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിയോജിപ്പറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ മണ്ഡല പുനര്‍നിര്‍ണയം 2026ല്‍ മാത്രമേ നടത്തൂ എന്നിരിക്കെ എന്തിനാണ് ജമ്മുവില്‍ മാത്രം ധൃതി കാണിക്കുന്നത് എന്ന് അദ്ദേഹം ആരാഞ്ഞു.

ജമ്മുകശ്മീരിന് സംസ്ഥാന പദവി തിരിച്ചു നല്‍കുന്നതിനൊപ്പം തന്നെ പ്രത്യേക പദവിയും തിരിച്ചു നല്‍കണമെന്ന് ഗുപ്കാര്‍ സഖ്യത്തിലെ പ്രധാന നേതാക്കളായ ഫറൂഖ് അബ്ദുള്ളയും മെഹബൂബ മുഫ്തിയും ആവശ്യപ്പെട്ടു. ജമ്മുകശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ ശേഷം ഇതാദ്യമായാണ് ജമ്മുവിലെ പ്രധാന നേതാക്കളുമായി കേന്ദ്ര സര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in