ജഹാംഗീര്‍പുരിയില്‍ അണിനിരന്ന് ഹിന്ദുക്കളും മുസ്ലിങ്ങളും; ത്രിവര്‍ണ പതാക ഉയര്‍ത്തി സമാധാന യാത്ര

ജഹാംഗീര്‍പുരിയില്‍ അണിനിരന്ന് ഹിന്ദുക്കളും മുസ്ലിങ്ങളും; ത്രിവര്‍ണ പതാക ഉയര്‍ത്തി സമാധാന യാത്ര
Published on

ജഹാംഗീര്‍പുരിയില്‍ സാമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി കോളനി നിവാസികള്‍ ദേശീയ പതാക ഉയര്‍ത്തി തിരംഗയാത്ര നടത്തി. ജഹാംഗീര്‍പുരിയിലെ ഇരുന്നൂറോളം വരുന്ന ഹിന്ദുക്കളും മുസ്ലിങ്ങളും ചേര്‍ന്നാണ് തിരംഗ യാത്ര നടത്തിയത്.

ഹിന്ദുവും മുസ്ലിമും സിഖും ക്രിസ്ത്യനും എല്ലാം ഒന്നാണ്, നമ്മള്‍ സഹോദരങ്ങളാണ്, ഭാരത് മാതാ കി ജയ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു സമാധാന മാര്‍ച്ച് നടത്തിയത്.

ജഹാംഗീര്‍പുരിയില്‍ പൊലീസ് കാവല്‍ തുടരുന്നുണ്ടെങ്കിലും അധികൃതര്‍ ബാരിക്കേടുകള്‍ എടുത്ത് മാറ്റുകയും സുരക്ഷാ നടപടികള്‍ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയ സി ബ്ലോക്ക് പരിസരത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. 30 മിനിട്ടോളം നീണ്ടുനിന്ന യാത്ര ഹിന്ദുക്കള്‍ അധികമായി താമസിക്കുന്ന ജി ബ്ലോക്കില്‍ അവസാനിച്ചു.

തിരംഗയാത്ര കടന്നുപോയ പ്രദേശത്തെ നിരവധി ഷോപ്പുകളിലും വീടുകളിലുമുള്ളവര്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിക്കാണിച്ചു.

ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെ ജഹാംഗീര്‍പുരിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സമീപമുള്ള കെട്ടിടങ്ങള്‍ അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റിയിരുന്നു. അനധികൃതമായി നിര്‍മിച്ചതാണെന്ന് ആരോപിച്ചായിരുന്നു ജഹാംഗീര്‍പുരിയിലെ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ തകര്‍ത്തത്.

ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ മറികടന്നും നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോയിരുന്നു. തുടര്‍ന്ന് ഉത്തരവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് അടക്കമുള്ളവര്‍ എത്തിയാണ് നടപടികള്‍ നിര്‍ത്തിവെച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in