സിബിഐ വാദം അംഗീകരിച്ച് കോടതി; ചിദംബരത്തിന് ജാമ്യമില്ല, നാല് ദിവസം കസ്റ്റഡിയില്‍

സിബിഐ വാദം അംഗീകരിച്ച് കോടതി; ചിദംബരത്തിന് ജാമ്യമില്ല, നാല് ദിവസം കസ്റ്റഡിയില്‍

ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് കോടതി ജാമ്യം നല്‍കിയില്ല. ചോദ്യം ചെയ്യാനായി ചിദംബരത്തെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു. സിബിഐ ആവശ്യം അംഗീകരിച്ച പ്രത്യേക കോടതി നാല് ദിവസത്തേക്ക് ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടു.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ജാമ്യമില്ലാ വാറണ്ട് ചിദംബരത്തിന് മേല്‍ ചുമത്തിയിരുന്നതാണ്. ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും എസ്ജി പറഞ്ഞു. ചിദംബരം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യുമ്പോള്‍ മൗനം പാലിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യാന്‍ കൂടുതല്‍ ദിവസം ആവശ്യപ്പെട്ടത്. ചിദംബരത്തിന് ജാമ്യം നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി നടത്തിയ വിധി പ്രസ്താവത്തിന്റെ ഭാഗങ്ങളും തുഷാര്‍ മേത്ത വായിച്ചു.

അഭിഭാഷകന്‍ കബില്‍ സിബലും മനു അഭിഷേക് സിങ്ങ്വിയും ചിദംബരത്തിനായി കോടതിയില്‍ വാദിച്ചു. മറ്റൊരു പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി മാത്രമാണ് സിബിഐ കേസെടുത്തിരിക്കുന്നതെന്ന് മനു അഭിഷേക് സിങ്വി പറഞ്ഞു. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറഞ്ഞില്ല എന്ന കാരണത്താല്‍ ഒരാളെ കസ്റ്റഡിയില്‍ വിടണം എന്നാണ് സി.ബി.ഐ പറയുന്നത്. ഏതൊക്കെ രേഖകളാണ് പി ചിദംബരത്തിന് എതിരായി തെളിവായി ഉള്ളത് എന്ന കാര്യം വ്യക്തമല്ല. തെളിവ് നശിപ്പിക്കാനോ, ഒളിവില്‍ പോകാനോ ഉള്ള സാധ്യതയെ കുറിച്ച് സിബിഐ പോലും ആരോപിക്കുന്നില്ലെന്നും സിങ്വി വാദിച്ചു.

ചിദംബരത്തിത്തിന് പറയാനുള്ളതും കേള്‍ക്കാന്‍ കോടതി തയ്യാറായി. സിബിഐ ചോദിച്ച ചോദ്യങ്ങള്‍ക്ക് താന്‍ മറുപടി നല്‍കിയെന്നായിരുന്നു ചിദംബരത്തിന്റെ വാദം ഇതിനെ തുഷാര്‍ മേത്ത എതിര്‍ത്തെങ്കിലും കേള്‍ക്കാന്‍ കോടതി തയ്യാറായി. ഒന്നര മണിക്കൂര്‍ നീണ്ട വാദത്തിന് ശേഷമാണ് കോടതി ചിദംബരത്തിന് ജാമ്യം നിഷേധിച്ചത്. സി.ബി.ഐയുടെ പ്രത്യേക ജഡ്ജി അജയ് കുമാര്‍ ഗുഹാറാണ് കേസ് പരിഗണിച്ചത്.

വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ വ്യവസ്ഥകള്‍ ലംഘിച്ച് ഐഎന്‍എക്‌സ് ന്യൂസില്‍ അനധികൃതമായി 305 കോടിയിലധികം രൂപയുടെ വിദേശ നിക്ഷേപം കൊണ്ടുവരാന്‍ കൂട്ടുനിന്നുവെന്നതാണ് ചിദംബരത്തിനെതിരായ കേസ്.

Related Stories

No stories found.
logo
The Cue
www.thecue.in