വിവാഹത്തിന് മുടക്കുന്നത് വിദ്യാഭ്യാസത്തിന് ചെലവാക്കുന്നതിന്റെ രണ്ട് ഇരട്ടി; നമ്മള്‍ ഇന്ത്യാക്കാര്‍ ഇങ്ങനെയാണ്

വിവാഹത്തിന് മുടക്കുന്നത് വിദ്യാഭ്യാസത്തിന് ചെലവാക്കുന്നതിന്റെ രണ്ട് ഇരട്ടി; നമ്മള്‍ ഇന്ത്യാക്കാര്‍ ഇങ്ങനെയാണ്
Published on

വിവാഹത്തിന് മുടക്കുന്നത് വിദ്യാഭ്യാസത്തിന് ചെലവാക്കുന്നതിന്റെ രണ്ട് ഇരട്ടി; നമ്മള്‍ ഇന്ത്യാക്കാര്‍ ഇങ്ങനെയാണ്

ഇന്ത്യക്കാര്‍ വിദ്യാഭ്യാസത്തിന് ചെലവാക്കുന്ന തുകയുടെ രണ്ടിരട്ടി വിവാഹത്തിനായി മുടക്കുന്നുണ്ടെന്ന് പഠനം. നിക്ഷേപ സ്ഥാപനമായ ജെഫ്രീസ് നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തല്‍. 10.7 ലക്ഷം കോടി രൂപയാണ് ഇന്ത്യന്‍ വിവാഹ മാര്‍ക്കറ്റിന്റെ മൂല്യം. ഇത് അമേരിക്കന്‍ വിവാഹ മാര്‍ക്കറ്റിന്റെ ഇരട്ടി വരുമത്രേ. ഒരു ശരാശരി ഇന്ത്യന്‍ വിവാഹത്തിന് ഏകദേശം 12.5 ലക്ഷം രൂപ ചെലവു വരുമെന്ന് പഠനത്തില്‍ പറയുന്നു. പ്രീ പ്രൈമറി മുതല്‍ ഡിഗ്രി വരെയുള്ള പഠനത്തിന് മുടക്കുന്ന ആകെത്തുകയുടെ ഇരട്ടി വരും ഇത്.

ആളോഹരി ജിഡിപിയുടെ അഞ്ചിരട്ടിയാണ് നമ്മള്‍ ഇന്ത്യക്കാര്‍ വിവാഹത്തിനായി ചെലവാക്കുന്നതെന്ന നിരീക്ഷണവും ഈ റിപ്പോര്‍ട്ടിലുണ്ട്. ഏകദേശം രണ്ടര ലക്ഷത്തോളം രൂപയാണ് നമ്മുടെ ആളോഹരി ജിഡിപി. ശരാശരി കുടുംബ വരുമാനമായ 4 ലക്ഷം രൂപയുടെ മൂന്നിരട്ടിയാണ് ഈ തുകയെന്നും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കന്‍ വിവാഹ മാര്‍ക്കറ്റിനേക്കാള്‍ വലുതാണ് ഇന്ത്യയുടേതെങ്കിലും ചൈനയുടേതിനേക്കാള്‍ ചെറുതാണെന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യന്‍ വിവാഹക്കമ്പോളത്തിന്റെ മൂല്യം ഇത്രയും ഉയര്‍ന്നു നില്‍ക്കുന്നതിന് കാരണം ആഡംബര വിവാഹങ്ങളാണ്. 20 ലക്ഷത്തിനും 30 ലക്ഷത്തിനുമിടയില്‍ ചെലവു വരുന്ന വിവാഹങ്ങളെയാണ് ഈ ഗണത്തില്‍ പെടുത്തിയിരിക്കുന്നത്. അഞ്ചും ആറും ഇവന്റുകളും മുന്തിയ ഹോട്ടലുകളിലെ താമസവും ചെലവേറിയ ഭക്ഷണവും അലങ്കാരവും എന്റര്‍ടെയിന്‍മെന്റ് പരിപാടികളുമൊക്കെയാണ് ഈ ചെലവിനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഭരണങ്ങള്‍, വിവാഹ വസ്ത്രം, വിമാന യാത്രക്കൂലി തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഇന്ത്യന്‍ വിവാഹങ്ങള്‍ ചില വ്യവസായ മേഖലകളെ ഉത്തേജിപ്പിക്കുന്നുണ്ട്. സ്വര്‍ണ്ണാഭരണ മേഖലയിലെ പകുതി വിറ്റുവരവും വിവാഹങ്ങളില്‍ നിന്നാണ്. വസ്ത്രവ്യാപാര മേഖലയിലെ 10 ശതമാനവും കേറ്ററിംഗ് രംഗത്തെ 20 ശതമാനവും ഇവന്റ് മാനേജ്‌മെന്റ് മേഖലയിലെ 15 ശതമാനവും വരുമാനം വിവാഹങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in