
ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി പ്രതിരോധ മന്ത്രാലയം. ഇന്ത്യയിലെ വിവിധ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഇതെന്ന് മന്ത്രാലയം വ്യക്തമാക്കി. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയുമായി പാക് സൈന്യം ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഫലപ്രദമായി തടഞ്ഞുവെന്നും ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് കൗണ്ടര്‍ യുഎഎസ് ഗ്രിഡ്, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇവയെ വീഴ്ത്തിയെന്ന് സൈന്യം എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെയാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാക് അധിനിവേശ കാശ്മീരിലെയും പാകിസ്ഥാനിലെയും ഭീകര ക്യാമ്പുകളില്‍ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാക് സൈന്യം ആക്രമണം ആരംഭിച്ചത്.
ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയാണ് പാക് സൈന്യം മിസൈലുകളും ഡ്രോണുകളും തൊടുത്തതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂർ, ഭട്ടിന്‍ഡ, ചണ്ഡീഗഡ്, നല്‍, ഫലോദി, ഉത്തര്‍ലായ്, ഭുജ് എന്നിവിടങ്ങളിലേക്കായിരുന്നു പാക് ആക്രമണം. പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങള്‍ പലയിടത്തു നിന്നായി കണ്ടെത്തിയിട്ടുണ്ട്.
പാകിസ്ഥാന്‍ ആക്രമണത്തിന്റെ അതേ തോതിലായിരുന്നു തിരിച്ചടിയെന്നും മന്ത്രാലയം അറിയിച്ചു. നിയന്ത്രണരേഖയില്‍ മോര്‍ട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണം പാകിസ്ഥാന്‍ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിലെ കുപ്‌വാര, ബാരാമുള്ള, ഉറി, പൂഞ്ച്, മെന്‍ഥാര്‍, രജൗരി സെക്ടറുകളിലാണ് ആക്രമണം. മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും അടക്കം 16 പേര്‍ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനെതിരെ മോര്‍ട്ടാര്‍, ആര്‍ട്ടിലറി ആക്രമണം നടത്താന്‍ ഇന്ത്യന്‍ സേന നിര്‍ബന്ധിതമായി തീര്‍ന്നിരിക്കുകയാണെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ ട്വീറ്റ് പറയുന്നു.