'രാജ്യത്തിന്റെ പൊതുമനസ് രാഹുല്‍ ഗാന്ധിക്കൊപ്പം'; ഭാരത് ജോഡോ യാത്ര ചരിത്രമാകുമെന്ന് എ.കെ ആന്റണി

'രാജ്യത്തിന്റെ പൊതുമനസ് രാഹുല്‍ ഗാന്ധിക്കൊപ്പം'; ഭാരത് ജോഡോ യാത്ര ചരിത്രമാകുമെന്ന് എ.കെ ആന്റണി

രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര ചരിത്ര സംഭവം ആകുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. യാത്ര ഉയര്‍ത്തുന്നത് ഐക്യത്തിന്റെ സന്ദേശം ആണ്. രാജ്യത്തിന്റെ പൊതു മനസ് രാഹുല്‍ ഗാന്ധിയുടെ സന്ദേശത്തോട് യോജിക്കുന്നു. രാജ്യത്ത് അസമത്വം കൂടുകയും സമ്പത്ത് മുഴുവന്‍ കോര്‍പറേറ്റുകള്‍ കൊള്ള അടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതിനെതിരെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര എന്നും എ.കെ. ആന്റണി പറഞ്ഞു.

ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റത്തിന് വഴിതെളിക്കുമെന്ന് ജയറാം രമേശ് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന് വളരെ നിര്‍ണായകമായ നീക്കമാണ് ഭാരത് ജോഡോ യാത്ര. ഒരുപാട് ദൂരം സഞ്ചരിക്കേണ്ടുന്ന പദയാത്രയാണിത്. ടൊയോട്ടയിലോ ഹ്യൂണ്ടായിലോ ഇന്നോവയിലോ അല്ല ഞങ്ങള്‍ സഞ്ചരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 180ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാല്‍നടയായാണ് യാത്ര. കോണ്‍ഗ്രസ് ഇത്തരത്തിലൊരു നീക്കം നടത്തുമെന്ന് ബി.ജെ.പി തീരെ പ്രതീക്ഷിച്ചില്ല എന്നും അവര്‍ ഇപ്പോഴേ ആശങ്കാകുലരാണെന്നും ജയറാം രമേശ് പറഞ്ഞു.

150 ദിവസം കൊണ്ട് 3,500 കിലോമീറ്റര്‍ ദൂരമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര പിന്നിടുന്നത്. രാവിലെ 7 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 7.30 വരെയുമാണു രാഹുല്‍ ഗാന്ധിയും സംഘവും പദയാത്ര നടത്തുക. ദിവസം 25 കിലോമീറ്റര്‍ നടക്കും. 12 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലും യാത്ര എത്തും.

യാത്ര കടന്നു പോകാത്ത സംസ്ഥാനങ്ങളിലുള്ളവര്‍ക്കു സമീപ സംസ്ഥാനത്തെ യാത്രയുടെ ഭാഗമാകാം. 118 സ്ഥിരാംഗങ്ങള്‍ക്കു പുറമേ ഓരോ സംസ്ഥാനത്തെയും 100125 പ്രതിനിധികളും സമീപ സംസ്ഥാനത്തെ 100 പ്രതിനിധികളും പങ്കെടുക്കുന്ന വിധത്തിലാണു ക്രമീകരണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in