ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിലപാട് അറിയാം, നിര്‍ണായക യോഗം ഇന്ന്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നിലപാട് അറിയാം, നിര്‍ണായക യോഗം ഇന്ന്

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ക്കുന്ന നിര്‍ണായക യോഗം ഇന്ന്. പകല്‍ 11 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് യോഗം.

ഡബ്ല്യു.സി.സി, അമ്മ, മാക്ട, ഫെഫ്ക, ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങി സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടെന്ന തരത്തില്‍ മന്ത്രി പി. രാജീവ് നടത്തിയ പരാമര്‍ശത്തിനെതിരെ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പ്രതിഷേധം അറിയിക്കും.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായാണ് ജസ്റ്റിസ് ഹേമയുടെ അധ്യക്ഷതയില്‍ മൂന്നംഗ സമിതിയെ നിയമിച്ചത്. ജസ്റ്റിസ് ഹേമ, കെ.ബി. വത്സല കുമാരി, നടി ശാരദ എന്നിവര്‍ അടങ്ങിയ കമ്മിറ്റി രണ്ട് വര്‍ഷം മുമ്പാണ് വിഷയം പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഇതുവരെയും സര്‍ക്കാര്‍ പുറത്തുവിടാത്തതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ യോഗം വിളിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നേരത്തെ പറഞ്ഞത്. ജസ്റ്റിസ് ഹേമ തന്നെ ഈ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് മന്ത്രിയുടെ വാദം. മൊഴി കൊടുത്തവരുടെ സുരക്ഷ പരിഗണിച്ച് ഇത് പുറത്തുവിടില്ലെന്നും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് നിയമം നടപ്പാക്കുമെന്നുമാണ് സജി ചെറിയാന്‍ അറിയിച്ചത്.

റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു.സി.സി തന്നെ ആവശ്യപ്പെട്ടെന്നാണ് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞത്. ഇതിനെതിരെ ഡബ്ല്യു.സി.സി തന്നെ രംഗത്ത് വന്നു. റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് സമര്‍പ്പിച്ച കത്തിന്റെ പകര്‍പ്പും ഡബ്ല്യു.സി.സി പുറത്ത് വിട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in