ആ വിഐപി ഞാനല്ല, ദിലീപുമായി വ്യക്തിപരമായ ബന്ധമില്ല: വ്യവസായി മെഹബൂബ്

ആ വിഐപി ഞാനല്ല, ദിലീപുമായി വ്യക്തിപരമായ ബന്ധമില്ല: വ്യവസായി മെഹബൂബ്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന വിഐപി താനല്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബ്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ ആരോപണങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും അത് തെളിയിക്കാന്‍ നുണ പരിശോധന വരെ നടത്താന്‍ തയ്യാറാണെന്നും മെഹബൂബ് മാധ്യമങ്ങളോട് പറഞ്ഞു.

ദേ പുട്ടിന്റെ ഖത്തര്‍ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തവണ മാത്രമാണ് ദിലീപിന്റെ വീട്ടില്‍ താന്‍ പോയിട്ടുള്ളത്. മൂന്ന് വര്‍ഷം മുന്‍പാണ് സന്ദര്‍ശനം നത്തിയത്. അല്ലാതെ ദിലീപുമായി വ്യക്തിപരമായ ബന്ധമില്ലെന്നും മെഹബൂബ് വ്യക്തമാക്കി. ഇത്തരത്തില്‍ തന്റെ പേരില്‍ വ്യാജ പ്രചരണം നടക്കുന്നത് കൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിച്ചതെന്നും മെഹബൂബ് കൂട്ടിച്ചേര്‍ത്തു.

മെഹബൂബ് പറഞ്ഞത്:

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്ന വിഐപി ഞാനല്ല. നടി ആക്രമിക്കപ്പെട്ട കേസുമായി എനിക്ക് ഒരു ബന്ധവുമില്ല. കേസുമായി ബന്ധപ്പെട്ട ഒന്നിനും ഞാന്‍ ദൃക്‌സാക്ഷിയല്ല. എനിക്ക് ദിലീപുമായി അത്തരം കാര്യങ്ങളില്‍ യാതൊരു ബന്ധവുമില്ല. ദേ പുട്ടില്‍ എത്ര ഐറ്റം പുട്ട് ഉണ്ടെന്ന് വേണമെങ്കില്‍ ഞാന്‍ പറഞ്ഞു തരാം. അല്ലാതെ ദിലീപിന്റെ വ്യക്തിപരമായ കാര്യങ്ങളൊന്നും എനിക്ക് അറിയില്ല. ദിലീപിന്റെ സഹോദരനെ ഞാന്‍ കണ്ടിട്ട് പോലുമില്ല. പിന്നെ എന്തുകൊണ്ടാണ് ഞാന്‍ വിഐപിയാണെന്ന് സംശയിക്കുന്നത് എന്നെനിക്ക് അറിയില്ല.

ഞാന്‍ വിഐപിയൊന്നും അല്ല. സാധാരണക്കാരനാണ്. മുപ്പെത്തെട്ട് വര്‍ഷമായി ഗള്‍ഫില്‍ അധ്വാനിച്ച് ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. എനിക്ക് ഈ കേസുമായി ബന്ധമില്ലെന്ന തെളിയിക്കാന്‍ നാര്‍ക്കോട്ടിക് ടെസ്റ്റ് വരെ എടുക്കാന്‍ ഞാന്‍ തയ്യാറാണ്. ദേ പുട്ടിന്റെ ഖത്തര്‍ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തവണ മാത്രമാണ് ദിലീപിന്റെ വീട്ടില്‍ പോയത്. മൂന്ന് വര്‍ഷം മുന്‍പായിരുന്നു ദിലീപിനെ വീട്ടില്‍ സന്ദര്‍ശിച്ചത്. അവിടെ ചെല്ലുമ്പോള്‍ കാവ്യയും അമ്മയും അച്ഛനും ഉണ്ടായിരുന്നു. മറ്റാരും ഇല്ലായിരുന്നു. സമീപകാലത്ത് ഞാന്‍ ദിലീപിന്റെ വീട്ടില്‍ പോയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതുവരെ എന്നെ ബന്ധപ്പെട്ടിട്ടില്ല. ബന്ധപ്പെടുമ്പോള്‍ അവരുമായി സഹകരിക്കും.

അതേസമയം, വിഐപിക്ക് കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെന്നും ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ വിശ്വസ്തനുമാണെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണ സംഘം സ്ഥിരീകരണം നടത്തിയിട്ടില്ല. അന്വേഷണ സംഘം വിഐപിക്ക് അരികിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാളുടെ ശബ്ദ സാമ്പിള്‍ കൂടി പരിശോധിച്ച ശേഷമേ ഔദ്യോഗികമായ സ്ഥിരീകരണം നടക്കുകയുള്ളു.

The Cue
www.thecue.in