ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവിന് അവകാശമില്ല; സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗമെന്ന് കോടതി

ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവിന് അവകാശമില്ല; സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗമെന്ന് കോടതി

കൊച്ചി: ഭാര്യയുടെ ശരീരം ഭര്‍ത്താവിന് ഉടമസ്ഥതയുള്ളതാണ് എന്ന വിധത്തില്‍ പെരുമാറുന്നത് ലൈംഗിക അതിക്രമം തന്നെയാണെന്ന് ഹൈക്കോടതി. ഇതു വൈവാഹിക ബലാത്സംഗമാണെന്നും വിവാഹ മോചനം അനുവദിക്കാന്‍ മതിയായ കാരണമാണെന്നും കോടതി പറഞ്ഞു.

വൈവാഹിക ബലാത്സംഗം ശിക്ഷിക്കാവുന്ന കുറ്റമായി നിയമത്തില്‍ പറയുന്നില്ലെങ്കിലും അതിന്റെ പേരില്‍ വിവാഹ മോചനം അനുവദിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്.

ഭര്‍ത്താവ് തന്നോട് ക്രൂരമായി പെരുമാറുന്നുവെന്ന് കാണിച്ച് യുവതിക്ക് വിവാഹ മോചനം അനുവദിക്കാനുള്ള ഹരജി സ്വീകരിച്ച കുടുംബ കോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലാണ് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖും കൗസര്‍ എടപ്പഗത്തും പരിഗണിച്ചത്.

സൗഹാര്‍ദമായ അന്തരീക്ഷമുണ്ടാകുമ്പോള്‍ മാത്രമാണ് വൈവാഹിക ബന്ധത്തില്‍ സംതൃപ്തിയുണ്ടാകുക. പരാതിക്കാരി എല്ലാ തരത്തിലുള്ള ലൈംഗിക വൈകൃതത്തിനും ഇരയായിട്ടുണ്ട്. വിവാഹ മോചനം നിഷേധിച്ചുകൊണ്ട് ഇത്തരമൊരു സഹനത്തിലേക്ക് ഒരാളെ തള്ളിവിടാന്‍ ആകില്ലെന്നും കോടതി.

ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതും, വഷളത്തം നിറഞ്ഞ ഭര്‍ത്താവിന്റെ പെരുമാറ്റവും സാധാരണ ദാമ്പത്യ ജീവിതമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വന്തം ശരീരത്തിനുമേല്‍ വ്യക്തികള്‍ക്ക് സ്വകാര്യതാ അവകാശമുണ്ടെന്നും അതിനുമുകളിലുള്ള കടന്നു കയറ്റം സ്വകാര്യതയെ ലംഘിക്കലാണെന്നും കോടതി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in