‘കേരളത്തിന്റെ സ്വന്തം സൈന്യം ഔദ്യോഗിക ഭാഗമായി’; മത്സ്യത്തൊഴിലാളികള്‍ക്കുള്ള ബഹുമതിയെന്ന് മുഖ്യമന്ത്രി
മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി കോസ്റ്റല്‍ പൊലീസ് രൂപീകരിച്ചതോടെ കേരളത്തിന്റെ സ്വന്തം സൈന്യമെന്ന് പ്രളയകാലത്ത് വിശേഷിപ്പിക്കപ്പെട്ടവര്‍ ഔദ്യോഗികമായി കേരളത്തിന്റെ സേനയുടെ ഭാഗമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ രാമവര്‍മ്മപുരത്തെ കേരള പോലീസ് അക്കാദമിയില്‍ അഞ്ച് വനിതകളടക്കം 177 പേരടങ്ങിയ കേരള കോസ്റ്റല്‍ പോലീസ് വാര്‍ഡന്‍മാരുടെ പാസിംഗ് ഔട്ട് പരേഡിന് ശേഷം ഫേസ്ബുക്കില്‍ പ്രസിദ്ധികരിച്ച കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍നിന്ന്, ആര്‍ത്തലച്ചുവന്ന മലവെള്ളപ്പാച്ചിലില്‍നിന്ന് സഹജീവികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്കുള്ള ബഹുമതിയായി കൂടിയാണ് മത്സ്യത്തൊഴിലാളികളായ, മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പ്പെട്ട തെരഞ്ഞെടുത്തവര്‍ക്ക് കോസ്റ്റല്‍ പോലീസ് വാര്‍ഡന്‍മാരായി പ്രത്യേക നിയമനം നല്‍കിയത്.
മുഖ്യമന്ത്രി
നിയമനത്തിന് ഒരു വര്‍ഷം എന്ന കാലപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും അതേപ്പറ്റി ആശങ്കപ്പെടേണ്ടതില്ല. 200 പേരെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതില്‍ 23 പേരുടെ കുറവുള്ളത് പെട്ടന്നുതന്നെ നികത്താന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കടലിലെ രക്ഷാപ്രവര്‍ത്തനത്തിന് പുറമെ അതിര്‍ത്തി രക്ഷ കൂടി കോസ്റ്റല്‍ പോലീസിന്റെ ചുമതലയാണ്. സംശയാസ്പദമായ ബോട്ടുകളുടെ പരിശോധന, കടല്‍ പട്രോളിംഗ് എന്നിവയില്‍ വിദഗ്ധ പരിശീലനം സേനക്ക് നല്‍കി. കേരളത്തിന്റെ തീരദേശ ജില്ലകളില്‍നിന്ന് പ്രത്യേകം തെരഞ്ഞെടുത്തവര്‍ക്കാണ് കോസ്റ്റല്‍ പോലീസ് വാര്‍ഡന്‍മാരായി ഒരു വര്‍ഷത്തേക്ക് നേരിട്ട് നിയമനം നല്‍കിയത്. നാലുമാസത്തെ തീവ്ര പരിശീലന കാലയളവില്‍ കോസ്റ്റ് ഗാര്‍ഡിന്റെ കീഴിലെ കടലിലെ ബോള്‍ ബാലന്‍സിംഗ്, ചെസ്റ്റ് ക്യാരിയിംഗ്, കടലിലെ അതിജീവന സങ്കേതങ്ങള്‍ എന്നിവ കൂടാതെ നാവികസേനയുടെയും ഫയര്‍ഫോഴ്സിന്റെയും പരിശീലനവും പോലീസ് സ്റ്റേഷനുകളിലെ പരിശീലനവും ഇവര്‍ക്ക് ലഭിച്ചു.