രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചുകൂടെ? ഒരു ദിവസത്തിനുള്ളില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചുകൂടെ?  ഒരു ദിവസത്തിനുള്ളില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന 124 എ വകുപ്പ് മരവിപ്പിച്ചുകൂടേയെന്ന് സുപ്രീം കോടതി. കൊളോണിയല്‍ കാലത്ത് കൊണ്ടുവന്ന രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പുനഃപരിശോധന കേന്ദ്ര സര്‍ക്കാര്‍ പൂര്‍ത്തിയാക്കുന്നത് വരെ കുറ്റം ചുമത്തുന്നത് മരവിപ്പിച്ചൂകൂടെയെന്നാണ് സുപ്രീം കോടതി ചോദിച്ചത്.

നിലപാട് നാളെ അറിയിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നിലവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുകളിലെ നടപടികള്‍ മരവിപ്പിക്കുന്നതിനെ കുറിച്ചും കേന്ദ്രം നിലപാട് വ്യക്തമാക്കണം.

''തീരുമാനം പുനഃപരിശോധിക്കാന്‍ നാളെ രാവിലെ വരെ സമയം അനുവദിക്കാം. നിലവില്‍ പരിഗണനയിലുള്ള കേസുകളെ കുറിച്ചാണ് ഞങ്ങളുടെ ആശങ്ക. പുനഃപരിശോധന വരെ ഈ കേസുകളില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നാണ് കേന്ദ്രം കരുതുന്നത്,'' ചീഫ് ജസ്റ്റിസ് എന്‍.വി രമണ ചോദിച്ചു. രാജ്യദ്രോഹക്കുറ്റം തത്ക്കാലം ചുമത്താതിരിക്കാനാവില്ലേ എന്നും കോടതി ആരാഞ്ഞു.

രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്നതായി അറ്റോണി ജനറല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സുപ്രീം കോടതി. രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പിന്റെ ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ എത്രകാലത്തിനുള്ളില്‍ പുനഃപരിശോധന പൂര്‍ത്തിയാക്കും എന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ സോളിസിറ്റര്‍ ജനറലിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് പുനഃപരിശോധന പൂര്‍ത്തിയാക്കുന്നത് വരെ തടഞ്ഞുകൂടെയെന്ന് കോടതി ചോദിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in